SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ടോസിൽ ഭാ​ഗ്യമില്ലാത്ത ക്യാപ്റ്റനെന്നാണ് സഞ്ജു സാംസനെവിമർ‍ശിച്ചിരുന്നത്. എന്നാൽ സീസണിലെ ഏറ്റവും നിർണായക മത്സരങ്ങളിലൊന്നിൽ ടോസ് സഞ്ജുവിന് അനുകൂലമായി വന്നു. അതൊരു സൂചനയായിരുന്നു. തുടർന്ന് മത്സരത്തിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു ഈ റോയൽ ക്യാപ്റ്റന്

ആർസിബിക്കെതിരായ രണ്ടാം പ്ലേ ഓഫിൽ ടോസ് നേടിയ സഞ്ജു ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ ടോസ് ലഭിച്ചിരുന്നെങ്കിൽ ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പറ‍ഞ്ഞതോടെ സഞ്ജുവിന്റെ തീരുമാനം തെറ്റിയോ എന്നും ആരാധകരിൽ സംശയമുണർന്നു. എന്നാൽ ഇന്നിം​ഗ്സിലെ രണ്ടാം ഓവറിൽ പ്രസിധ് കൃഷ്ണയുടെ പന്തിൽ വിരാട് കോഹ്ലി സഞ്ജുവിന് തന്നെ ക്യാച്ച് നൽകി മടങ്ങിയതോടെ ആ ആശങ്ക കുറേയൊക്കെ അവസാനിച്ചു.

രജത് പാഠീദാറും ഡുപ്ലെസിസും ചേർന്ന് സ്കോർ ഉയർത്തിയതോടെ ആർസിബി വൻ ടോട്ടലിലേക്ക് പോകുമെന്ന് കരുതി. എന്നാൽ ഒബെഡ് മക്കോയിയെ ഉപയോ​ഗിച്ച് ഡുപ്ലെസിസിനെ വീഴ്ത്തി സഞ്ജു. തുടർന്ന് വന്ന ​ഗ്ലെൻ മാക്സ്വെൽ അപകടകരിയാകുന്ന ഘട്ടത്തിലാണ് സഞ്ജുവിന്റെ മറ്റൊരു കിടിലാൻ നീക്കം കണ്ടത്. ഒരോവർ മാത്രം ശേഷിച്ചിരുന്ന സ്ട്രൈക്കർ ബൗളർ ട്രെന്റ് ബോൾട്ടിനെ പതിനാലാം ഓവറിൽ പന്തേൽപ്പിച്ചു സഞ്ജു. ഓവറിലെ അവസാന പന്തിൽ മാക്സ്‌വെല്ലിനെ മടക്കി ബോൾട്ട് ക്യാപ്റ്റന്റെ വിശ്വാസം കാത്തു. തുടർന്ന് ആർസിബിയു‌ടെ ബാറ്റിങ് നിരയെ വൻ സ്കോറിലേക്ക് പോകാൻ അനുവദിക്കാതെ സഞ്ജും ബൗളർമാരെ ഉപയോ​ഗിച്ചു. ഇതോടെ ആർസിബി സ്കോർ 157-ൽ ഒതുങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴും സഞ്ജു ക്യാപ്റ്റന്റെ ഉത്തരവാദിത്വം കാട്ടി. ഇക്കുറി മികച്ച തുടക്കം കിട്ടുകയും ജോസ് ബട്ലർ തകർപ്പൻ ഫോമിലായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പിന്തുണയ്ക്കുക എന്നതായിരുന്നു സഞ്ജുവിന്റെ ദൗത്യം. അത് സഞ്ജു ഭം​ഗിയായി നിർവ​ഹിച്ചു. ഒടുവിൽ വാനിൻഡു ഹസരം​ഗയ്ക്ക് വിക്കറ്റ് നൽകിയെങ്കിലും, അതിനുമുമ്പ് രണ്ട് ഓവറോളം ലങ്കൻ സ്പിന്നറിന് മുന്നിൽ സഞ്ജു പിടിച്ചുനിന്നു. സഞ്ജു പുറത്താകുമ്പോൾ വിജയതീരത്തിന്ന് അധികം അകലായിയിരുന്നില്ല രാജസ്ഥാൻ.

ഒടുവിൽ ഹർഷൽ പട്ടേലിനെ സിക്സിന് പറത്തി ജോസ് ബട്ലർ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കുമ്പോൾ ഡ​ഗ്ഔട്ടിൽ അമിതാഹ്ലാ​ദമില്ലാത സഞ്ജുവുണ്ടായിരുന്നു. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ തന്നെ കിരീടമുയർത്തിയ രാജസ്ഥാൻ പിന്നീട് ഫൈനലിലെത്തുന്നത് ഇക്കുറിയാണ്. അന്ന് അവരുടെ ക്യാപ്റ്റനായിരുന്ന ഇതിഹാസതാരം ഷെയിൻ വോൺ ലോകത്തോട് വിടപറഞ്ഞതിന് ശേഷം നടക്കുന്ന ഐപിഎല്ലിൽ രാജസ്ഥാൻ വീണ്ടും കിരീടത്തിലേക്ക് നയിച്ച്, വോണിന് ഉജ്ജ്വല യാത്രയപ്പ് നൽകാനാകും ഇനി സഞ്ജുവിന്റെ ശ്രമം.