SHARE

അടിസ്ഥാനപരമായി ഒരു വിക്കറ്റ് കീപ്പറാണെങ്കിലും ഫീൽഡിംഗിലും പുലിയാണ് രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറായ ജോസ് ബട്ലർ ടീമിലുള്ളത് കൊണ്ട് ഈ വർഷത്തെ ഐപിഎല്ലിൽ ഒരു ഫീൽഡറായാണ് സഞ്ജു കളിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന വാശിയേറിയ പോരാട്ടത്തിൽ പറക്കും ക്യാച്ചെടുത്ത് ഇപ്പോളിതാ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചു പറ്റുകയാണ് ഈ യുവതാരം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന്റെ അവസാന ഓവറിലായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ക്യാച്ച്. ബെൻസ്റ്റോക്ക്സ് എറിഞ്ഞ ഓവറിലെ അവസാന പന്ത് മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ട്യ ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്ത് ഉയർത്തി. പന്ത് പിടിക്കാൻ കുതിച്ചെത്തിയ സഞ്ജുവാകട്ടെ ഒരു തകർപ്പൻ ഡൈവിലൂടെ തന്റെ ഒറ്റക്കൈയ്യിൽ ആ പന്ത് ഒതുക്കി. പാണ്ട്യ ഔട്ട്. അതി വേഗത്തിൽ ഓടിയെത്തി അതേ വേഗതയിൽ ഡൈവ് ചെയ്തത് കൊണ്ട് മാത്രമാണ് സഞ്ജുവിന് ആ ക്യാച്ച് സ്വന്തമാക്കാനായത്‌. സഞ്ജുവിന്റെ അസാധ്യ ടൈമിംഗും അത്ലറ്റിസവും മനസാന്നിധ്യവുമെല്ലാം ആ ക്യാച്ചിന് പിന്നിലുണ്ടായിരുന്നു.

അതേ സമയം മത്സരത്തിൽ നേരത്തെയും തകർപ്പൻ ഫീൽഡിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ച വെച്ചത്. മുംബൈയുടെ ടോപ് സ്കോററായിരുന്ന എവിൻ ലൂയിസിനേയും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ‌ ഇഷാൻ കിഷനേയും സഞ്ജു തന്നെയായിരുന്നു ക്യാച്ചിലൂടെ പുറത്താക്കിയത്.