SHARE

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ ടീമിലിടം പിടിച്ച മലയാളി സൂപ്പർ താരം സഞ്ജു സാംസൺ പരമ്പരയിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മുൻ കാല പരിശീലകൻ ബിജു ജോർജ്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു ബിജു ജോർജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഓപ്പണറായ ശിഖാർ ധവാന് പരിക്കേറ്റതിനാലാണ് സഞ്ജു ടീമിലെത്തിയതെന്നും, അത് കൊണ്ട് തന്നെ വിൻഡീസിനെതിരെ ഓപ്പൺ ചെയ്യാൻ സഞ്ജുവിന് അവസരം ലഭിക്കുമെന്നുമാണ് ബിജു ജോർജ്ജിന്റെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സഞ്ജു പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കണം. ധവാന് പകരക്കാരനായാണ് സഞ്ജു ഇന്ത്യൻ ടീമിലേക്ക് എത്തിയിരിക്കുന്നത്, അത് കൊണ്ട് തന്നെ അദ്ദേഹത്തോട് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ടീം ആവശ്യപ്പെട്ടേക്കും. ആത്മവിശ്വാസവും, അർപ്പണ ബോധവുമാണ് സഞ്ജുവിന്റെ ശക്തി.” ബിജു ജോർജ്ജ് പറഞ്ഞുനിർത്തി.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലുള്ളത്. ഇതിൽ ആദ്യ മത്സരം ഡിസംബർ ആറിന് ഹൈദരാബാദിൽ നടക്കും. ഡിസംബർ 8, 11 തീയതികളിൽ യഥാക്രമം തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ നടക്കുക.