SHARE

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങളാണ് സഞ്ജുവിനെ അതിവേഗം ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയനാക്കിയത്. എന്നാൽ സഞ്ജു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ ഒട്ടുമിക്ക ആരാധകർക്കും അറിയില്ല എന്നതാണ്‌ സത്യം. 2012 ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു സഞ്ജു. സീസണിൽ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും കീരീടം കൊൽക്കത്ത ഉയർത്തിയതോടെ സഞ്ജുവും ഐപിഎൽ ചാമ്പ്യനായി.

ഇന്ത്യൻ സ്പിൻ ബോളിംഗ് ഓൾ റൗണ്ടർ അക്സർ പട്ടേലും ഐപിഎൽ ചാമ്പ്യനായിട്ടുണ്ടെന്ന കാര്യം പലർക്കുമറിയില്ല. 2013 ലെ ഐപിഎൽ കിരീടം ഉയർത്തിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു അക്സർ പട്ടേൽ. എന്നാൽ അക്സറിന് മുംബൈ ടീമിൽഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടിയില്ല. 2014 ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി മുംബൈ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയും, കിംഗ്സ് ഇലവൻ പഞ്ചാബ് അക്സറിനെ സ്വന്തമാക്കുകയുമായിരുന്നു.

കഴിഞ്ഞ കുറച്ച് ഐപിഎൽ സീസണുകളിലായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ യുസ്വേന്ദ്ര ചഹലും ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ള താരമാണ്. എന്നാൽ ബാംഗ്ലൂരിന് വേണ്ടിയല്ല, മറിച്ച് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമായിരുന്നു ചഹലിന്റെ കിരീട നേട്ടം. 2011 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന ചഹൽ 2013 ലെ ഐപിഎൽ കിരീടത്തിലാണ് മുത്തമിട്ടത്. 3 സീസണുകളിൽ മുംബൈയ്ക്കൊപ്പമുണ്ടായിരുന്ന ചഹലിനെ 2014 ലെ ഐപിഎൽ ലേലത്തിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുകയായിരുന്നു. തുടർന്നിങ്ങോട്ട് ബാംഗ്ലൂർ ഫ്രാഞ്ചൈസിയുടെ താരമാണ്‌ ചഹൽ.