SHARE

1973 ൽ കൊച്ചിയിൽ കേരളം നടാടെ സന്തോഷ് ട്രോഫി നേടുമ്പോൾ ടീമിലൊരു തമിഴ്നാട്ടുകാരനുണ്ടായിരുന്നു -പെരുമാൾ. നാൽപ്പത്തിയൊമ്പത് വർഷങ്ങൾക്കിപ്പുറം ദേശീയ ഫുട്ബാൾ മാമാങ്കം മലപ്പുറത്തെത്തുമ്പോൾ മറ്റൊരു തമിഴ്നാട്ടുകാരൻ കേരള ടീമിലിടം പിടിച്ചിരിക്കുന്നു -വിഘ്നേഷ്.

ചരിത്രത്തിലാദ്യമായൊരു മറുനാട്ടുകാരൻ കേരളത്തിന് ബൂട്ട് കെട്ടിയപ്പോൾ ടീം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.നീണ്ട കാലത്തെ ഇടവേളക്കുശേഷം മറ്റൊരു തമിഴ്നാട്ടുകാരൻ കേരളത്തിൻ്റെ ജഴ്സിയണിയുമ്പോൾ ചരിത്രം ആവർത്തിക്കുമോ?

ആലുവ ഫാക്ടിൻ്റെ കളിക്കാരനായിരുന്നു തഞ്ചാവൂർ സ്വദേശിയായ ആർ.കെ. പെരുമാൾ. ആലുവ ഫാക്ടിൽ നിന്നാണ് വിംഗ് ബാക്കായിരുന്ന പെരുമാൾ കേരള ടീമിലിടം പിടിച്ചത്. തമിഴ്നാട് സ്വദേശിയും ഫക്ടിൻ്റെ പരിശീലകനുമായിരുന്ന ഒളിംപ്യൻ സൈമൺ സുന്ദരാജായിരുന്നു അന്ന് കേരളത്തിൻ്റെ കോച്ച്.പെരുമാളെ ഫാക്ടിലേക്ക് കൊണ്ടുവന്നതും കേരള ടീമിലേക്ക് പരിഗണിച്ചതുമെല്ലാം സംസ്ഥാനത്തിന് നാടാടെ സന്തോഷ് നേടിക്കൊടുത്ത വിഖ്യാത പരിശീലകൻ സൈമൺ സുന്ദരാജാണ്.

പെരുമാളിൻ്റെ പുത്രനായിരുന്നു പോയ കാലത്ത് മലയാളി കാൽപന്ത് പ്രേമികളുടെ ആവേശമായിരുന്ന എഫ് സി കൊച്ചിൻ താരം കാലിയ കുലോതുംഗൻ. തമിഴ്നാട്ടിൽ നിന്നും അയൽ സംസ്ഥാനമായ കേരളത്തിലെത്തി പിതാവിനെ പോലെ മലയാളി കാൽപന്ത് ആരാധകരുടെ മനം കവർന്ന കുലോതുംഗൻ മറ്റൊരു കേരള ടീമായ വിവ കേരള, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, മുംബൈ എഫസി, ഭവാനിപൂർ
എഫ് സിയടക്കം ഇന്ത്യയിൽ കളിക്കാത്ത ടീമുകൾ വിരളമാണ്. പിതാവ് പെരുമാളിനെ പോലെ കുലോതുംഗനും ജീവിച്ചിരിപ്പില്ല. 2018ൽ ഒരു റോഡപകടത്തിലാണ് മുൻ തമിഴ്നാട് സ്റ്റേറ്റ് ടീം ക്യാപ്റ്റൻ കൂടിയായിരുന്ന കുലോതുംഗൻ മരണപ്പെട്ടത്.

കന്യാകുമാരിയിലെ പൂത്തുറൈയാണ് വിഘ്നേഷിൻ്റെ നാട്. മുന്നേറ്റ നിര താരമായ വിഘ്നേഷ് കെ എസ് ഇ ബി താരമാണ്. പന്ത്രണ്ട് കളികളിൽ നിന്നും പതിനൊന്നു് ഗോൾ നേടി കേരള പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായി വിഘ്നേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ പി എല്ലിലെ മികച്ച പ്രകടനകമാണ് “വിക്കി ” എന്ന വിളിപ്പേരുള്ള മലയാളികളുടെ പ്രിയങ്കരനായ കാൽപന്ത് താരത്തെ സന്തോഷ് ട്രോഫി കേരള ടീമിലെത്തിച്ചത്.

മൂന്ന് വർഷം മുമ്പാണ് അയൽ സംസ്ഥാനക്കാരനായ വിഘ്നേഷ്
കെ എസ് ഇ ബി യിൽ അതിഥിതാരമായെത്തിയത്. കളിയിലെ മിടുക്ക് കാരണം തൊട്ടടുത്ത വർഷം തന്നെ കെ എസ് ഇ ബി അവനെ സ്വന്തമാക്കി.തിരുവനന്തപുരത്തെ പട്ടം വൈദ്യുത ഭവനിൽ കാഷ്യറാണ് ഇരുപത്തിയാറുകാരനായ വിഘ്നേഷ്.