SHARE

72ാമത് സന്തോഷ് ട്രോഫി സെമിഫൈനലില്‍ മിസോറാമിനെതിരെ കേരളത്തിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം ജയിച്ച് കയറിയത്. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം പകരക്കാരനായി കളത്തിലിറങ്ങിയ അഫ്ദാലാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ കര്‍ണാടകയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബംഗാളും ഫൈനലിലെത്തി. ജിതേന്‍ മുര്‍മുവും തീര്‍ത്ഥേങ്കര്‍ സര്‍ക്കാരുമാണ് ബംഗാളിന് വേണ്ടി ഗോള്‍ നേടിയത്.

മിസോറാമിനെതിരെ കേരളത്തിന്റെ ടച്ചോടെയാണ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ മിസോറാമിനായിരുന്നു നേരിയ മുന്‍ തൂക്കം. കളിയുടെ തുടക്കത്തില്‍ തന്നെ മിസോറാം താരം ലാല്‍ റൊമാവിയയ കേരള പോസ്റ്റിനെ ലക്ഷ്യം വെച്ച് കിടിലനൊരു ഷോട്ടും ഉതിര്‍ത്തു. എന്നാല്‍ ഗോള്‍കീപ്പര്‍ മിഥുന്‍ വി മനോഹരമായ രക്ഷപ്പെടുത്തലിലൂടെ കേരളത്തെ തുണച്ചു. 20ാം മിനുട്ടില്‍ മിസോറാമിന് ലഭിച്ച ഫ്രീകിക്ക് കേരളത്തിന്റെ മനുഷ്യ മതിലില്‍ തട്ടിത്തെറിച്ചു. 25ാം മിനുട്ടില്‍ മിസോറാം താരം ലാല്‍മല്‍സ്വാമ നല്‍കിയ മികച്ചൊരു ക്രോസ് മുന്നേറ്റതാരങ്ങള്‍ നഷ്ടപ്പെടുത്തി. തുടരെത്തുടരെ മുന്നേറ്റങ്ങളുമായി മിസോറാം ആദ്യ പകുതിയില്‍ മികച്ചു നിന്നു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങളുമായി മത്സരത്തിന്റെ നിയന്ത്രണം കയ്യിലാക്കാന്‍ കേരള ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്തു.

-Advertisement-

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം മത്സരത്തിലെ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ നടത്തി. സജിത്തിന് പകരം അഫ്ദാലാണ് കളത്തിലിറങ്ങിയത്. കേരള പരിശീലകന്റെ ആ തീരുമാനം ശരിവെക്കുന്നതായിരുന്നു അഫ്ദാലിന്റെ പ്രകടനം. 54ാം മിനുട്ടില്‍ പകരക്കാരന്‍ അഫ്ദാല്‍ നേടിയ ഗോളില്‍ കേരളം മത്സരത്തില്‍ മുന്നിലെത്തി. ജിതിന്‍ എം എസ് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവില്‍ അഫ്ദാല്‍ ഗോള്‍ നേടുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാനുള്ള തീവ്രശ്രമത്തിലായി മിസോറാം. എന്നാല്‍ മിസോറാമിന്റെ ഗോള്‍ ശ്രമങ്ങളെയെല്ലാം കേരളം ശക്തമായി പ്രതിരോധിച്ചു. റഫറിയുടെ അന്തിമ വിസിൽ മുഴങ്ങിയതോടെ കേരളം വിജയിക്കുകയും ചെയ്തു. ഏപ്രിൽ ഒന്നിനാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുന്നത്.