SHARE

72ാമത് സന്തോഷ് ട്രോഫി ടൂര്‍ണ്ണമെന്റ് മത്സരത്തില്‍ പഞ്ചാബിനെതിരെ മിസോറാമിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മിസാറാമിന്റെ വിജയം. ആദ്യ പകുതിയിലാണ് മിസോറാമിന്റെ രണ്ടു ഗോളുകളും പിറന്നത്. ലാല്‍റെംറുവാത്തയുടെ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ ഹൈലൈറ്റ്.

ആറ്, എട്ട് മിനുട്ടുകളിലായിരുന്നു റെംറുവാത്തയുടെ ഗോളുകളില്‍ മിസോറാം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ 56ാം മിനുട്ടില്‍ ബാല്‍തേജ് സിംഗാണ് പഞ്ചാബിന്റെ ആശ്വാസ ഗോല്‍ നേടിയത്. സമനില പിടിക്കാന്‍ പഞ്ചാബ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവര്‍ക്കതിന് കഴിഞ്ഞില്ല.

മറ്റൊരു മത്സരത്തില്‍ കര്‍ണാടക ഒഡീഷയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തന്നെയാണ് കര്‍ണാടകയുടെയും വിജയം. 26ാം മിനുട്ടില്‍ ലിയോണ്‍ അഗസ്റ്റിന്റെ ഗോളിലൂടെയാണ് കര്‍ണാടക മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒഡീഷ തിരിച്ചടിച്ചു. അര്‍ജുന്‍ നായകായിരുന്നു സ്‌കോറര്‍. എന്നാല്‍ 87ാം മിനുട്ടില്‍ എസ് രാജേഷിന്റെ ഗോളിലൂടെ കര്‍ണാടക വിജയം കയ്യിലാക്കി.