SHARE

ജൂണിൽ നടക്കുന്ന യൂറോകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. 23 അം​ഗ ടീമിൽ സർപ്രൈസ് ആയി എത്തിയത് മധ്യനിരതാരം സാന്റി കസോർളയുടെ പേരാണ്. നാല് വർഷത്തിന് ശേഷമാണ് കസോർള സ്പാനിഷ് ടീമിലിടം പിടിക്കുന്നത്

ആഴ്സനലിന്റെ താരമായിരുന്ന കസോർളോ രണ്ട് വർഷത്തോളം പരിക്കിനെത്തുടർന്ന് കളിക്കളത്തിന് പുറത്തിരുന്ന ശേഷം കഴിഞ്ഞ വർഷമാണ് തിരിച്ചെത്തിയത്. 2016-ൽ ആഴ്സനലിൽ കളിക്കവെയാണ് കസോർളയുടെ കാലിന് പരിക്കേറ്റത്. തുടർന്ന് കാലിൽ അണുബാധയുണ്ടാകുകയും കാല് മുറിച്ചുകളയേണ്ടിവരുമെന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. എന്നാൽ ഇതിനിടെ കൈയ്യിൽ നിന്ന് മാംസമെടുത്ത് കാലിൽ കൂട്ടിച്ചേർത്താണ് കസോർളയെ അന്ന് രക്ഷിച്ചത്.

പിന്നീട് കഴിഞ്ഞ വർഷമാണ് മുൻ ക്ലബായ വിയ്യറയലിൽ എത്തുകയും കളിക്കളത്തിൽ തിരിച്ചെത്തുകയും ചെയ്തത്. ലാ ലി​ഗയിൽ ബാഴ്സലോണയെ വിയ്യാറയൽ സമനിലയിൽ തളച്ച മത്സരത്തിൽ കസോർളയുടെ പ്രകടനം വൻ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഈ പ്രകടനമാണ് സ്പാനിഷ് പരിശീലകൻ ലൂയിസ് എന്റിക്വെയേയും ആകർഷിച്ചത്.

2015- നവംബറിലാണ് ഇതിനുമുമ്പ് കസോർള സ്പാനിഷ് ടീമിനായി കളിച്ചത്. കസോർളയ്ക്ക് പുറമെ ഡേവിഡ് ഡി ​ഗിയ, നായകൻ സെർജിയോ റാമോസ്, സെർജിയോ ബുസ്ക്വറ്റ്സ്, ഇസ്കോ, അൽവാരോ മൊറാത്ത, ഡാനി കർവഹാൾ, ജോർഡി ആൽബ തുടങ്ങിയ സൂപ്പർ താരങ്ങളൊക്കെ തന്നെ ടീമിലിടം പിടിച്ചിട്ടുണ്ട്.