SHARE

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെയെത്തുന്ന അഹമ്മദാബാദിലെ ന്യൂ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷമാണ് ഇത്തരമൊരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിലെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫെബ്രുവരി വരെ കാത്തിരിക്കണമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേ സമയം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയമാണ് നവീകരിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുന്നത്. 1,10,000 ആൾക്കാർക്ക് കളികാണാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും. 700 കോടി രൂപ മുതൽമുടക്കിലാണ് ഈ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ മത്സരങ്ങൾ നടക്കുന്നില്ല. 2014 ൽ ശ്രീലങ്കയും ഇന്ത്യയും തമ്മിലാണ് ഇവിടുത്തെ അവസാന അന്താരാഷ്ട്ര മത്സരം (ഏകദിനം) നടന്നത്.

അതേ സമയം ഇത്തവണത്തെ ഐപിഎൽ ഫൈനലായിരിക്കുമോ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരമെന്ന കാര്യത്തിലും സ്ഥിരീകരണം വരേണ്ടതുണ്ട്‌. നേരത്തെ ഈ വർഷം മാർച്ചിൽ ഏഷ്യൻ ഇലവനും, ലോക ഇലവനും തമ്മിൽ നടക്കുന്ന പ്രദർശന മത്സരമായിരിക്കും പുത്തൻ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആ സമയത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകില്ലെന്നതിനാൽ ഈ മത്സരം നടത്താനുള്ള പദ്ധതികൾ ബിസിസിഐ ഉപേക്ഷിച്ചിരുന്നു.