SHARE

സ്വന്തം മണ്ണില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തിയതിന്റെ ആവേശത്തിലാണ് പാകിസ്ഥാന്‍. വെസ്റ്റിന്‍ഡീസിനെതിരെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നു ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കുകയും ചെയ്തു. അവസാന മത്സരത്തിന് ശേഷം പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് കയ്യടി നേടുന്നത് മറ്റൊരു കാര്യത്തിനും കൂടിയാണ്.

വേറൊന്നുമല്ല, അവസാന മത്സരത്തിലെ തന്റെ മാച്ച് ഫീ കറാച്ചിയിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയാണ് സര്‍ഫറാസ് ക്രിക്കറ്റ് ലോകത്ത് കയ്യടി നേടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ മറ്റു താരങ്ങള്‍ക്കും മാതൃകയാവുകയാണ് സര്‍ഫറാസ് ചെയ്തത്. മികച്ച രീതിയില്‍ പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് തന്റെ മാച്ച് ഫീ നല്‍കുകയാണെന്ന് അവസാന മത്സരത്തിന് ശേഷമാണ് സര്‍ഫറാസ് വ്യക്തമാക്കിയത്.

വെസ്റ്റിന്‍ഡീസിനെതിരെ അവസാന മത്സരത്തില്‍ എട്ടുവിക്കറ്റുകള്‍ക്കാണ് പാകിസ്ഥാൻ വിജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും 200ലധികം റണ്‍സ് സ്‌കോര്‍ ചെയ്ത പാകിസ്ഥാന്‍ വലിയ മാര്‍ജിനില്‍ വിജയം കയ്യിലാക്കിയിരുന്നു. പരമ്പരയിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ച വെച്ച ബാബര്‍ അസമാണ് മാന്‍ ഓഫ് ദി സീരിസ്. ഒരു മത്സരത്തില്‍ മാത്രം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച നായകന്‍ സര്‍ഫറാസ് അഹമ്മദ് 38 റണ്‍സാണ് പരമ്പരയില്‍ നേടിയത്.