SHARE

ദുബായിയിൽ പാകിസ്ഥാനും, ഓസ്ട്രേലിയയും തമ്മിൽ ഇന്ന് ആരംഭിച്ച ക്രിക്കറ്റ് ടെസ്റ്റിന് ഒരു പ്രത്യേകത കൂടിയുണ്ട്. മത്സരത്തിൽ ഇരു ടീമുകളേയും നയിക്കുന്നത് അവരുടെ വിക്കറ്റ് കീപ്പർമാരാണ്. 2014 ന് ശേഷം ഇതാദ്യവും, ക്രിക്കറ്റ് ചരിത്രത്തിൽ മൊത്തത്തിൽ എട്ടാം തവണയുമാണ് ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് നായകന്മാരും വിക്കറ്റ് കീപ്പർമാരാകുന്നത്.

സർഫറാസ് അഹമ്മദ് പാകിസ്ഥാൻ ടീമിനെ നയിക്കുമ്പോൾ, ടിം പെയിനാണ് ഓസീസ് ടീമിന്റെ ക്യാപ്റ്റൻ. 2014 ൽ ഗ്രോസ് ഐലറ്റിൽ നടന്ന ബംഗ്ലാദേശ് – വെസ്റ്റിൻഡീസ് മത്സരമായിരുന്നു ഇതിന് മുൻപ് വിക്കറ്റ് കീപ്പർ നായകന്മാർ അവസാനമായി നേർക്ക് നേർ വന്ന ടെസ്റ്റ് മത്സരം. രസകരമായ കാര്യമെന്തെന്ന് വെച്ചാൽ അവസാന 4 തവണയും ടെസ്റ്റിൽ വിക്കറ്റ് കീപ്പർ നായകന്മാർ നേർക്കുനേർ വന്നത് ബംഗ്ലാദേശ് – വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരങ്ങളിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണിയാണെങ്കിലും ഒരുതവണ പോലും ഇത് പോലൊരു അപൂർവ്വ നേട്ടത്തിൽ പങ്കാളിയാവാൻ ധോണിക്ക് കഴിഞ്ഞിട്ടില്ല