SHARE

ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ സൂപ്പർതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പൗളോ ഡിബാലയും. മുൻനിരയിൽ ഇവർ ഒന്നിച്ചുകളിക്കുന്നത് കാണാനാണ് ആരാധകർക്ക് താൽപര്യം. എന്നാൽ ക്ലബ് പരിശീലകനായ മൗറീഷ്യോ സാരിക്ക് അക്കാര്യത്തിൽ അത്ര താൽപര്യം പോര.

റൊണാൾഡോയേയും ഡിബാലയേയും ഒന്നിച്ച് ആദ്യ ഇലവനിൽ ഇറക്കുന്നത് അൽപ്പം പ്രയാസമുള്ള കാര്യമാണെന്നാണ് സാരി പറയുന്നത്. ഡിബാല അസാമാന്യ മികവുള്ള കളിക്കാരനാണ്, എന്നാൽ റൊണാൾഡോയേയും ഡിബാലയേയും ഒന്നിച്ചുകളിപ്പിക്കുന്നത് പ്രയാസമാണ്, അത് ക്ലബിന്റെ കളിശൈലിയെ ബാധിച്ചേക്കും, അതേസമയം തന്നെ ഇരുതാരങ്ങളുടേയും ശാരീരികവും സാങ്കേതികവുമായ മികവുകൾ ഏത് നിമിഷം വേണമെങ്കിലും മത്സരഫലത്തെ മാറ്റാൻ തക്കതാണ്, സാരി സ്കൈ സ്പോർട്സിനോട് പറഞ്ഞു.

അർജന്റൈൻ താരമായ ഡിബാല അടുത്ത സീസണിലും യുവന്റസിൽ തുടരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. താരത്തിന്റെ കരാർ പുതുക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിന്നടക്കമുള്ള ക്ലബുകൾ ഡിബാലയിൽ താൽപര്യം പ്രകടിപ്പിച്ചും രം​ഗത്തുണ്ട്.