SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ അപ്രതീക്ഷിത തോൽവിയാണ് യുവന്റസ് നേരിട്ടത്. ഫ്രാഞ്ച് ക്ലബ് ഒളിംപിക് ലിയോൺ എതിരില്ലാത്ത ഒരു ​ഗോളിനാണ് യുവന്റസിനെ വീഴ്ത്തിയത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലുമടിക്കാതെ യുവന്റസ് നാണം കെട്ട് മടങ്ങിയതിന് പിന്നാലെ ടീമിലെ ചില താരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് പരിശീലകൻ മൗറീഷ്യോ സാരി.

യുവന്റസ് താരങ്ങൾ വളരെ പതിയെ പന്ത് പാസ് ചെയ്തതാണ് ടീമിന്റെ തോൽവിക്ക് പ്രധാന കാരണമെന്നാണ് സാരി പറയുന്നത്. ആദ്യ പകുതിയിൽ യുവന്റസ് വളരെ പതിയെയാണ് പന്ത് കൈമാറിയത്, ലിയോൺ താരങ്ങൾ ഇത് മുതലെടുത്ത് പ്രസ് ചെയ്യാനും, അതുവഴി പന്ത് പിടിച്ചെടുക്കാനും തുടങ്ങി. രണ്ടാം പകുതിയിൽ അൽപ്പം ഭേദപ്പെട്ടു, എങ്കിലും അത് മതിയാകുമായിരുന്നില്ല, സ്കൈ സ്പോർട്ട്സ് ഇറ്റാലിയയോട് സാരി പറഞ്ഞു.

അതിവേ​ഗത്തിൽ പന്ത് കൈമാറേണ്ടതിന്റെ പ്രാധാന്യം കളിക്കാരെ മനസിലാക്കിയെടുക്കാൻ സധിക്കുന്നില്ല, അതിവേ​ഗത്തിൽ പാസിങ്ങ് നടത്താൻ സൈഡ്ലൈനിൽ നിന്ന് പലപ്പോഴും ഞാൻ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, എന്നിട്ടുപോലും പല താരങ്ങളും അത് കേൾക്കാതെ, പതിയെ പാസ് ചെയ്യുകയായിരുന്നു. ലിയോണിന്റെ പ്രസിങ്ങ് അത്ര കരുത്തുറ്റതായിരുന്നില്ല, എന്നാൽ യുവന്റസ് താരങ്ങൾ പതിയെ പന്ത് കൈമാറിയത് എതിരാളിക്ക് ​ഗുണം ചെയ്തു, സാരി കൂട്ടിച്ചേർത്തു.

മത്സരത്തിന് തലേന്ന് നടന്ന പരിശീലനസെഷനിൽ കളിക്കാർ അതേവേ​ഗം പന്ത് പാസ് ചെയ്ത് പരിശീലിച്ചിരുന്നു. എന്നാൽ കളിക്കളത്തിലെത്തിയപ്പോൾ സംഭവിച്ചത് നേരെ തിരിച്ചും, സാരി പറഞ്ഞു.