SHARE

മുൻ സൂപ്പർ താരം രാംനരേഷ് സർവനെ തങ്ങളുടെ ബാറ്റിംഗ് മെന്ററാക്കി വെസ്റ്റിൻഡീസ്. ലോകകപ്പിന് മുൻപ് അയർലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായി സർവൻ ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ തന്നെ സർവനെ ബാറ്റിംഗ് മെന്റർ സ്ഥാനത്തേക്ക് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചിരുന്നെങ്കിലും ഇപ്പോളാണ് അദ്ദേഹം ഈ ക്ഷണം സ്വീകരിച്ചത്.

അതേ സമയം ടീമിന്റെ ബാറ്റിംഗ് മെന്ററാകുമെങ്കിലും വെസ്റ്റിൻഡീസ് ടീമിനൊപ്പം സർവൻ ലോകകപ്പിനെത്തുമോ എന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെ നാളത്തെ പരിചയസമ്പത്തുള്ള സർവന്റെ സേവനം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന് വളരെയധികം പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഒരു കാലഘട്ടത്തിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന സർവൻ, 87 ടെസ്റ്റുകളിലും, 181 ഏകദിനങ്ങളിലും, 18 ടി20 മത്സരങ്ങളിലും ദേശീയ ടീം ജേഴ്സിയണിഞ്ഞിട്ടുണ്ട്.