SHARE

ലോകകപ്പിനു ശേഷം ധോണി വിരമിക്കണമെന്ന ആവശ്യമുയര്‍ന്നതു മുതല്‍ ഇങ്ങോട്ട് ധോണിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ മാത്രമാണ് പടര്‍ന്നിരുന്നത്. ധോണി ഉടന്‍ വിരമിച്ചേക്കും എന്നുവരെ വാര്‍ത്തകളുണ്ടായി. എന്നാല്‍ എല്ലായിടത്തും മറിച്ചായിരുന്നു ക്ലൈമാക്‌സ്. എന്നാല്‍ ഇതിനിടയില്‍ ധോണിയുടെ കാര്യത്തില്‍ ക്രിക്കറ്റിലെ പ്രമുഖര്‍ പലരും അഭിപ്രായം പറഞ്ഞു. എല്ലാവരും തീരുമാനം ധോണിയുടേതാണ് എന്ന് പറഞ്ഞു നിര്‍ത്തുകയാണ്. ഇപ്പോഴിതാ ടീം പരിശീലകന്‍ രവി ശാസ്ത്രി ധോണിയുടെ കാര്യത്തില്‍ മനസ്സു തുറന്നിരിക്കുകയാണ്.

ടീമിലേയ്ക്ക് തിരിച്ചുവരണമോ വിരമിക്കണമോ എന്ന കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നാണ് രവി ശാസ്ത്രിയും പറഞ്ഞത്. ‘ലോകകപ്പിനു ശേഷം അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിനുശേഷം ധോണി കളിച്ചിട്ടുണ്ടോ എന്നും അറിയില്ല. ആദ്യം അദ്ദേഹം കളി പുനരാരംഭിക്കട്ടെ എന്നിട്ടു നോക്കാം കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം അക്കാര്യം സെലക്ടര്‍മാരെ അറിയിക്കണം ‘ ഇങ്ങനെയായിരുന്നു രവിശാസ്ത്രിയുടെ വാക്കുകള്‍.

ഇനി വിരമിക്കണമെങ്കില്‍ തന്നെ അദ്ദേഹത്തിനു തലയുയര്‍ത്തിപ്പിടിച്ച് പടിയിറങ്ങാമെന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പിനുശേഷം വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്മാറിയ ധോണി രണ്ടുമാസത്തെ സൈനീക സേവനത്തിനു പോയിരുന്നു. ഇതിനു ശേഷവും ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്ന അദ്ദേഹം നവംബര്‍ മാസത്തോടെ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.