SHARE

റഷ്യയില്‍ 14ന് തുടങ്ങുന്ന ലോകകപ്പിനുള്ള അന്തിമ ടീമിനെ സൗദി അറേബ്യ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ വളരെ വ്യത്യസ്തമായ രീതിയിലാണ് സൗദി ടീമിനെ പ്രഖ്യാപിച്ചത്.

സൗദി ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായി ഓരോ താരങ്ങളുടെ പേരും വിവിധ സാഹചര്യങ്ങളില്‍ വീഡിയോയിലൂടെ പുറത്തുവിടുകയാണ്. എന്നാല്‍ അതില്‍ മലയാളികള്‍ക്ക് എന്തായിരിക്കും കാര്യമെന്നല്ലെ, അവസാനമായി മധ്യനിര താരം അബ്ദുല്‍ മാലിക് അല്‍ഖൈബരി ടീമിലെത്തിയ കാര്യം മലയാളത്തിലാണ് വീഡിയോയില്‍ പറയുന്നത്.

‘ ലോകകപ്പിനുള്ള സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ’ – എന്ന് ബാര്‍ബര്‍ ഷോപ്പിലെ റേഡിയോയില്‍ അറിയിപ്പ് വരുകയാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സംഭവം കേട്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. ലോകകപ്പിൽ റഷ്യ, ഈജിപ്ത്, ഉറുഗ്വെ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ യിലാണ് സൗദിയുടെ സ്ഥാനം.