SHARE

ഇപ്പോൾ കേരളത്തിലെങ്ങും ലുട്ടാപ്പി തരംഗമാണ്. ബാലരമയിൽ പ്രസിദ്ധീകരിക്കുന്ന മായാവി ചിത്രകഥയിലെ കഥാപാത്രമായ ലുട്ടാപ്പിയെ കഥയിൽ നിന്നൊഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സേവ് ലുട്ടാപ്പി ഹാഷ് ടാഗും സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇപ്പോളിതാ ലുട്ടാപ്പിയുടെ ആരാധകബലം കടൽ കടന്ന് അങ്ങ് ന്യൂസിലൻഡിലുമെത്തി എന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവങ്ങൾ.

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കഴിഞ്ഞ ദിവസം ഹാമിൽട്ടണിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ലുട്ടാപ്പിക്ക് പിന്തുണയറിയിച്ച ബാനറുമായി ആരാധകർ ഗ്യാലറിയിലെത്തുകയായിരുന്നു. ബാനറുമായി ഗ്യാലറിയിൽ നിൽക്കുന്ന ആരാധകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം വൈറലായി. അതേ സമയം മായാവി കഥയിൽ നിന്ന് ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ലെന്നും, അടുത്ത ലക്കം ലുട്ടാപ്പി ശക്തമായി തിരിച്ചുവരുമെന്നും ബാലരമയുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചത് ലുട്ടാപ്പി ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്.