SHARE

വരും സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകനായി ഇത്തവണ ടീമിലെത്തിയ നൈജീരിയൻ താരം ബാർത്തലോമ്യു ഒഗ്ബെച്ചിയെ മാനേജ്‌മെന്റ് പ്രഖ്യാപിച്ചത് ഇന്നാണ്. പോയ സീസണുകളിൽ ടീമിനെ നയിച്ചിരുന്ന ഇന്ത്യൻ സൂപ്പർ താരം സന്ദേഷ് ജിങ്കനെ മാറ്റിയാണ് പരിശീലകൻ എൽക്കോ ഷാട്ടോറി പരിചയസമ്പന്നനായ ഒഗ്ബെച്ചിയെ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻസ്ഥാനം ഏൽപ്പിച്ചത്. പോയ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനും താരവുമായിരുന്നു‌ യഥാക്രമം, ഷാട്ടോറിയും, ഒഗ്ബെച്ചിയും. ഷാട്ടോറി തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ നായകനായി ഒഗ്ബെച്ചിയെ തിരഞ്ഞെടുത്തത്. നൈജീരിയൻ ഗോളടി വീരനെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചതിന്‌ പിന്നാലെ എൽക്കോ ഷാട്ടോറി ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

“കഴിവു തെളിയിച്ചതും, പരിചയസമ്പന്നനുമായ ഒരു കളിക്കാരനെന്ന നിലയിൽ, ബാർ‌ത്തലോമ്യു ഒഗ്‌ബെച്ചിക്ക് ടീമിനെ ഫലപ്രദമായി നയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടീമിലെ പ്രായം കൂടിയ അംഗങ്ങളിൽ ഒരുവനായ അദ്ദേഹത്തിന്റെ വിപുലമായ അറിവും വിവേകവും കളിക്കാരുമായുള്ള ബന്ധവും ക്ലബ്ബിന്റെ ലക്ഷ്യവുമായി ഒരു ചുവട് അടുക്കുന്നതിന് ക്രിയാത്മകമായി സഹായിക്കും. അദ്ദേഹത്തോടും ടീമിലെ മറ്റുള്ളവരോടുമൊപ്പം ഒരു മികച്ച പ്രവർത്തനം കാഴ്ചവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം ഒരു മികച്ച സീസൺ ആശംസിക്കുകയും ചെയ്യുന്നു” , പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ട് ഹെഡ് കോച്ച് എൽകോ ഷട്ടോറി വ്യക്തമാക്കി

“ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ക്യാപ്റ്റനാകുകയെന്നത് ഒരു വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരത്തിൽ ഞാൻ ശരിക്കും വിനീതനാണ്, ഒപ്പം ടീമിലെ പരിചയസമ്പന്നരായ മറ്റ് കളിക്കാർക്കൊപ്പം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് ഞങ്ങൾക്ക് ഫൈനലിലേക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും”, ബാർ‌ത്തലോമ്യു ഒഗ്‌ബെച്ചി പറയുന്നു.