SHARE

നിരാശാജനകമായ മറ്റൊരു സീസണിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇക്കുറിയും കടന്ന് പോകുന്നത്. തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് കാണാനാവാതെ മടങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ നാളെ ഒഡീഷ എഫ് സിയെ നേരിടാനൊരുങ്ങുകയാണ്. ഈ മത്സരത്തിന് മുന്നോടിയായി ഇന്ന് ഒഡീഷയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഇത്തവണത്തെ സീസണിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായ കാര്യമെന്തെന്ന്‌ പരിശീലകൻ എൽകോ‌ഷട്ടോറി വെളിപ്പെടുത്തി.

തനിക്ക് ഇത്തവണ തുടർച്ചയായി രണ്ട് മത്സരങ്ങളിൽപ്പോലും ഒരേ ഇലവനെ കളത്തിലിറക്കാനായില്ലെന്നും, അത് ടീമിന് വലിയ തിരിച്ചടിയായെന്നുമാണ്‌ ഷട്ടോറി പറയുന്നത്. പരിക്ക് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് അഭിപ്രായപ്പെടുന്ന‌ ഷട്ടോറിയുടെ വാക്കുകൾ ഇങ്ങനെ, “കഴിഞ്ഞ രണ്ട് സീസണുകളിലും കേരളാ ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിൽ ഒന്നും ചെയ്യാനായിട്ടില്ല‌. നിരവധി പരിശീലകരെ ഇതിനിടെ ടീം പുറത്താക്കി. ഈ സീസണിൽ തങ്ങളുടെ പതിനെട്ടാം മത്സരമാണ് നാളെ ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങുന്നത്. എന്നാൽ 17 തവണയും ടീമിൽ മാറ്റങ്ങളുമായാണ് ഞങ്ങളിറങ്ങിയത്. ടീമിൽ മാറ്റം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല, ‌മറിച്ച് ഞാനതിന് നിർബന്ധിതനാവുകയായിരുന്നു.” ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

അതേ സമയം ഇത്തവണത്തെ ഐ എസ് എല്ലിൽ ഏഴാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്യുന്നത്. 17 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങൾ മാത്രം നേടാനായ ടീമിന്റെ അക്കൗണ്ടിൽ 18 പോയിന്റാണുള്ളത്.