SHARE

ഇതിഹാസ പരിശീലകൻ ലൂയിസ് ഫിലിപ്പെ സ്കോളാരിയെ പരിശീലകസ്ഥാനത്തേക്ക് ക്ഷണിച്ച് കൊളംബിയൻ ഫുട്ബോൾ ടീം. റഷ്യൻ ലോകകപ്പിന് ശേഷം ഹോസെ പെക്കർമാൻ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സ്കോളാരിക്ക് വിളിയെത്തിയിരിക്കുന്നത്. ലോകകപ്പിൽ കൊളംബിയ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു

നിലവിൽ ബ്രസീൽ ക്ലബ് പാൽമിറെസിന്റെ പരിശീലകനായ സ്കോളാരി തന്നെയാണ് കൊളംബിയൻ ക്ഷണത്തെക്കുറിച്ച് പറഞ്ഞത്. ഇക്കുറി പാൽമിറസിനെ ബ്രസീലിയൻ ലീ​ഗിൽ വിജയത്തിലേക്ക് നയിക്കാൻ സ്കോളാരിക്കായി, അതോടൊപ്പം കോപ്പാ ലിബെർട്ടഡോസ് സെമിയിലും ക്ലബിനെ എത്തിക്കാനായി. അതിനാൽ തന്നെ ക്ലബിനേയും തന്റെ കുടുംബത്തേയും കുറിച്ച് ആലോചിച്ച ശേഷം മാത്രമെ കൊളംബിയൻ ക്ഷണത്തിൽ തീരുമാനമെടുക്കുവെന്ന് സ്കോളാരി പറഞ്ഞു

2002-ൽ ബ്രസീലിനെ ലോകകപ്പ് ജേതാക്കളാക്കിയ സ്കോളാരി പിന്നീട് പോർച്ചു​ഗലിന്റെ പരിശീലകനായി. 2004 യൂറോയിൽ ഫൈനലിലേക്കും 2006 ലോകകപ്പിൽ സെമിയിലേക്കും പോർച്ചു​ഗലിനെ നയിച്ചത് സ്കോളാരിയായിരുന്നു. 2014 ലോകകപ്പിൽ ജർ‍മനിയോട് കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ ബ്രസീലിന്റെ പരിശീലകനും സ്കോളാരി തന്നെയായിരുന്നു. ഇം​ഗ്ലീഷ് ക്ലബ് ചെൽസിയേയും സ്കോളാരി പരിശീലിപ്പിച്ചിട്ടുണ്ട്.