SHARE

മൂന്ന് വർഷം മുമ്പ് നടന്ന ഇം​ഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ പ്ലേ ഓഫിൽ റീഡിങ്ങിനോട് തോറ്റ് ഫുൾഹാം പുറത്തായതോടെയാണ് സ്കോട്ട് പാർക്കർ കളക്കളം വിട്ടത്. ഫുൾഹാമിനായി നാല് സീസണുകളിൽ നിന്ന് 130-ഓളം മത്സരം കളിച്ചാണ് അന്ന് ക്യാപ്റ്റനായിരുന്ന പാർക്കർ ബൂട്ടഴിച്ചത്. ഇന്നലെ ബ്രെന്റ്ഫോർ‍ഡിനെ പ്ലേ ഓഫ് ഫൈനലിൽ തോൽപ്പിച്ച് ഫുൾഹാം പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തുമ്പോൾ പരിശീലകൻ അതേ പാർക്കറാണ്.

2017-ൽ പ്ലഓഫിൽ തോറ്റെങ്കിലും തൊട്ടടുത്ത വർഷം ഫുൾഹാം പ്രീമിയർ ലീ​ഗിലെത്തി. എന്നാൽ 2018-19 പ്രീമിയർ ലീ​ഗ് സീസൺ ഫുൾഹാം മറക്കാൻ ആ​ഗ്രഹിക്കുന്നതാണ്. 19-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വീണ്ടും രണ്ടാം ഡിവിഷനിലേക്ക് പോയി. ഇതിനിടെ തന്നെ പാർക്കർ ക്ലബ് പരിശീലകനായി ചുമതലയേറ്റിരുന്നെങ്കിലും ക്ലബിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കാനായില്ല. തുടർന്ന് രണ്ടാം ഡിവിഷനിൽ ക്ലബിന്റെ ചുമതല പാർക്കർ ഏറ്റെടുത്തു.

പാർക്കറിന്റെ കീഴിൽ ഇക്കുറി ഫുൾഹാം രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ നാലാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ പ്ലേ ഓഫിലെത്തിയ അവർ ആദ്യം കാർഡിഫ് സിറ്റിയേയും പിന്നീട് ബ്രെന്റ്ഫോർഡിനേയും തോൽപ്പിച്ച് പ്രീമിയർ ലീ​ഗ് ഉറപ്പാക്കി.

ചെൽസി,ന്യൂകാസിൽ, വെസ്റ്റ്ഹാം, ടോട്ടനം തുടങ്ങിയ ക്ലബുകളിലും കളിച്ചിട്ടുള്ള പാർക്കർ മിഡ്ഫീൽഡറായിരന്നു. കളിക്കളത്തിലെ അനുഭവസമ്പത്തും തന്ത്രങ്ങളും പാർക്കർ പരിശീലറോളിലും ഉപയോ​ഗിച്ചു. ലീ​ഗിൽ ഏറ്റവുമധികം ​ഗോൾ നേടിയ ടീമായ ബ്രെന്റ്ഫോർഡിനെതിരെ പ്രതിരോധത്തിലൂന്നി നടപ്പാക്കിയ പാർക്കറിന്റെ തന്ത്രങ്ങളാണ് ഫുൾഹാമിന് വിജയം കൊണ്ടുവന്നത്. ഇതിനെ ടാക്ടിക്കൽ മാസ്റ്റർക്ലാസ് എന്നാണ് ഇ​​ഗ്ലീംഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

2017-ൽ ടോട്ടനത്തിന്റെ അണ്ടർ 18 ടീമിനെ പരിശീലിപ്പിച്ചാണ് പാർക്കറിന്റെ തുടക്കം. തൊട്ടടുത്ത വർഷം ഫുൾഹാമിൽ സഹപരിശീലകനായി. ടീമിനൊപ്പമുള്ള പരിചയം ഇക്കുറി പാർക്കറിനെ ഒട്ടേറെ തുണച്ചു. പരിചതമായ സ്ക്വാഡും മികവുറ്റ തന്ത്രങ്ങളുമായി പാർക്കർ പ്രീമിയർ ലീ​ഗിലെത്തുമ്പോൾ പ്രതീക്ഷയിലാണ് ക്ലബ് ആരാധകർ.