SHARE

ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി പരിക്കിന്റെ പിടിയിലാകുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ എണ്ണം കൂടുന്നു. ഏറ്റവും അവസാനം പരിക്കിനെത്തുടർന്ന് ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായിരിക്കുന്നത് അവരുടെ സ്റ്റാർ പേസറായ സീൻ ആബട്ടാണ്. തുടമസിലിനേറ്റ പരിക്കാണ് താരത്തെ ഇപ്പോൾ ടീമിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയൻ ടീമിലുണ്ടായിരുന്ന താരമാണ് ആബട്ട്‌.

കഴിഞ്ഞ ദിവസം സിഡ്നിയിൽ ഇന്ത്യയ്ക്കെതിരെ പരിശീലന മത്സരം കളിച്ച ഓസ്ട്രേലിയ എ ടീമിലുണ്ടായിരുന്ന താരമാണ് ആബട്ട്. ഈ മത്സരത്തിൽ മയങ്ക് അഗർവാൾ, വൃദ്ധിമാൻ സാഹ, മൊഹമ്മദ് ഷമി തുടങ്ങിയവരുടെ വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു‌. ടെസ്റ്റ് ക്രിക്കറ്റിൽ ഇതു വരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരമായതിനാൽ, ആബട്ട് ടീമിൽ നിന്ന് പുറത്തായത് ഓസ്ട്രേലിയക്ക് അത്ര വലിയ തലവേദന നൽകുന്നതല്ല. നേരത്തെ ഡേവിഡ് വാർണർ, വിൽ പുകുവോസ്കി തുടങ്ങിയ ഓസ്ട്രേലിയൻ സൂപ്പർ താരങ്ങൾക്കും പരിക്കിനെത്തുടർന്ന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.

അതേ സമയം ആബട്ടിന് പകരം, ഓൾ റൗണ്ടർ മോയിസസ് ഹെൻറിക്വസിനെ ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിലേക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്തിട്ടുണ്ട്.‌ ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഈ മുപ്പത്തിമൂന്നുകാരൻ പക്ഷേ 2016 ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല.