SHARE

മഹേള ജയവര്‍ധനയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ശ്രീലങ്ക നല്കിയ മറുപടിയായിരുന്നു കുശാല്‍ മെന്‍ഡിസ്. അനായാസ ബാറ്റിംഗ് ശൈലിയിലൂടെ കരിയറിന്റെ തുടക്കത്തിലേ ശ്രദ്ധേയനായ യുവതാരം. എന്നാല്‍ കുശാല്‍ മെന്‍ഡിസ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മോശം ഫോമിന്റെ പേരിലും. ഏഷ്യാകപ്പില്‍ രണ്ടു കളികള്‍ കളിച്ച താരം ഇതുവരെ അക്കൗണ്ട് തുറന്നില്ല! രണ്ടിലും നേരിട്ട ആദ്യ ഓവറില്‍ തന്നെ സംപൂജ്യനായി പുറത്ത്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. അന്ന് മുസ്താഫിസുര്‍ റഹ്മാനാണ് മെന്‍ഡിസിനെ പുറത്താക്കിയത്. അഫ്ഗാനെതിരേ രണ്ടു പന്തിന്റെ ആയുസ് താരത്തിനു കിട്ടി. മുജീബ് ഉര്‍ റഹ്മാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി തന്നെയാണ് ഇത്തവണയും പുറത്തായത്. കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ വിവിധ ഫോര്‍മാറ്റിലായി എട്ടു തവണയാണ് കുശാല്‍ പൂജ്യത്തിന് പുറത്തായത്. ഏഴുതവണ അര്‍ധസെഞ്ചുറി പിന്നിടുകയും ചെയ്തു.

2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കൊളംബോയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മെന്‍ഡിസ് 29 ടെസ്റ്റില്‍ നിന്ന് 2060 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 51 മത്സരങ്ങളില്‍ നിന്ന് 1325 റണ്‍സും. 102 ആണ് ഉയര്‍ന്ന സ്‌കോര്‍. 28.80 മാത്രമാണ് ശരാശരി. പക്ഷേ 85.15 സ്‌ട്രൈക്ക് റേറ്റുണ്ട്.