SHARE

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്കൻ ആധിപത്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 243 റൺസിന് പുറത്താക്കി മറുപടി ബാറ്റിംഗിനിറങ്ങിയ അവർ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 39/1 എന്ന നിലയിലാണ്. നിലവിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് 204 റൺസ് മാത്രം അകലെയാണ് ദക്ഷിണാഫ്രിക്ക.

പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരിന്നു. ഓപ്പണർമാരായ ഡേവിഡ് വാർണറും, കാമറോൺ ബാങ്ക്രോഫ്റ്റും ചേർന്ന് ആദ്യ വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത് ഓസീസിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കൻ ബോളർമാർ മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വരികയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുംഗി എങ്കിടിയും ചേർന്ന് ഓസ്ട്രേലിയൻ ബാറ്റിംഗിനെ 243 റൺസിൽ ചുരുട്ടിക്കെട്ടി.

ആദ്യ ദിനം തന്നെ ഓസീസിനെ പുറത്താക്കിയ ആത്മ വിശ്വാസത്തിൽ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും തുടക്കം തന്നെ വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡിൽ 22 റൺസെത്തിയപ്പോൾ, 11 റൺസെടുത്ത ഐഡൻ മാർക്രത്തെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരു‌ന്നു. തുടർന്ന് നൈറ്റ് വാച്ച്മാനായി ബാറ്റിംഗിനിറങ്ങിയ കാഗിസോ റബാഡയും (17*), ഡീൻ എൽഗറും (11*) ചേർന്ന് കൂടുതൽ നഷ്ടം വരുത്താതെ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു.