SHARE

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ് രംഗത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ടീം സെലക്ഷനാണ് സെവാഗിനെ പ്രകോപിപ്പിച്ചത്. രണ്ടാം ടെസ്റ്റില്‍ നിന്ന് ശിഖര്‍ ധവാനെയും ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കിയതാണ് കാരണം. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടാല്‍ കോഹ്‌ലി സ്വയം മാറിനില്‍ക്കണമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. മികച്ച പ്രകടനം നടത്തിയിട്ടും ഭുവിക്കു പകരം ഇഷാന്ത് ശര്‍മയെ ടീമിലെത്തിച്ച നടപടിയെ ന്യായീകരിക്കാനാവില്ലെന്നും വീരു പറയുന്നു.

ഒരു ടെസ്റ്റിലെ പരാജയത്തിന്റെ പേരില്‍ ധവാനെ ഒഴിവാക്കിയത് ശരിയല്ല. മികവ് പ്രകടിപ്പിച്ചിട്ടും ഭുവിയെ ഒഴിവാക്കിയത് എന്തിനെന്നു മനസിലാകുന്നില്ല- ഇന്ത്യ ടിവിക്കു നല്കിയ അഭിമുഖത്തില്‍ സെവാഗ് പറയുന്നു. ഭുവിയുടെ ആത്മവിശ്വാസത്തെ വിരാട് തകര്‍ത്തതായും മുന്‍ വെടിക്കെട്ട് ഓപ്പണര്‍ പറഞ്ഞു. കഴിഞ്ഞദിവസം സൗരവ് ഗാംഗുലിക്കെതിരേ വിരാട് രംഗത്തെത്തിയിരുന്നു. പുറത്തു നിന്നുള്ളവരുടെ അഭിപ്രായം തല്ക്കാലം സ്വീകരിക്കുന്നില്ലെന്നായിരുന്നു പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ പറഞ്ഞത്.

അതേസമയം, വിദേശത്ത് മികച്ച റിക്കാര്‍ഡുള്ള അജിങ്ക്യ രഹാനെയെ വീണ്ടും ഒഴിവാക്കിയത് സുനില്‍ ഗവാസ്‌കര്‍ അടക്കുള്ള മുന്‍കാല താരങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ധവാനെ എല്ലായ്‌പ്പോഴും ബോര്‍ഡ് വെട്ടിമാറ്റും. ഒറ്റ മോശം ഇന്നിംഗ്‌സ് കളിച്ചാല്‍ ധവാന്‍ ടീമിനു പുറത്താണ്. ഇഷാന്ത് ശര്‍മ എങ്ങനെയാണ് ടീമിലെത്തിയതെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു. കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ പ്രതിരോധത്തിലാക്കിയ ഭുവനേശ്വറിനു പകരം എന്തിനാണ് ഇഷാന്തിന് അവസരം നല്‍കിയതെന്ന് മനസിലാവുന്നില്ല. ഷമി, ബുംമ്ര എന്നിവരിലൊരാള്‍ക്ക് പകരമായി ഇഷാന്തിനെ ഉള്‍പ്പെടുത്താമായിരുന്നു. പക്ഷെ അതു ചെയ്തില്ല ഗവാസ്‌കര്‍ പറഞ്ഞു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് പിന്നിലാണ്.