SHARE

ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ഡെല്‍ഹിയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ താരവുമായ അമിത് ഭണ്ഡാരിയെ ആക്രമിച്ച യുവതാരത്തിനും കൂട്ടര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. സംഭവം തങ്ങളെ ഞെട്ടിച്ചു കളഞ്ഞെന്ന് അഭിപ്രായപ്പെട്ട സെവാഗ് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

കുറ്റക്കാരനായ താരത്തിന് ക്രിക്കറ്റിന്റെ എല്ലാ തലങ്ങളില്‍നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഗൗതം ഗംഭീറും വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരേ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ശിക്ഷനടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മറ്റ് ഇന്ത്യന്‍ താരങ്ങളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഡെല്‍ഹിയുടെ അണ്ടര്‍ 23 ക്രിക്കറ്റ് ടീം അംഗം കൂടിയായ അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡെല്‍ഹി ടീം സിലക്ടറായ ഭണ്ഡാരി, ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ് മൈതാനത്ത് ട്രയല്‍സിനു മേല്‍നോട്ടം വഹിക്കുമ്പോഴാണ് മര്‍ദനമേറ്റത്. ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങള്‍ കളിച്ച താരമാണ് അദ്ദേഹം.