SHARE

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യയുടെ വീരേന്ദർ സേവാഗ്. വെടിക്കെട്ട് ബാറ്റിംഗിന്റെ ആശാനായ സേവാഗ് ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ശൈലിയിൽ ബാറ്റ് വീശിയിരുന്ന താരമാണ്. എൺപത്തിമൂന്നിനടുത്ത് പ്രഹരശേഷിയിൽ ടെസ്റ്റിൽ ബാറ്റ് വീശിയിരുന്ന സേവാഗിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിംഗിൽ വിപ്ലവം കൊണ്ട് വന്ന താരമായാണ് ഒട്ടുമിക്ക ക്രിക്കറ്റ് വിദഗ്ധരും വിശേഷിപ്പിക്കുന്നത്. അതേ സമയം പാക് ഇതിഹാസ താരം വസീം അക്രത്തിന് ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായമാണുള്ളത്.

വസീം അക്രമിന്റെ അഭിപ്രായത്തിൽ മുൻ പാക് താരം ഷഹീദ് അഫ്രീദിയാണ് ടെസ്റ്റ് ഓപ്പണിംഗിൽ വിപ്ലവം കൊണ്ട് വന്നത്. സേവാഗ് ക്രിക്കറ്റിലേക്ക് വരുന്നതിന് മുന്നേ അഫ്രീദി ടെസ്റ്റിലെ ഓപ്പണിംഗ് ബാറ്റിംഗിന് പുതിയ മാനങ്ങൾ നൽകിയിരുന്നുവെന്ന് അക്രം ചൂണ്ടിക്കാട്ടുന്നു. മുൻ പാക് നായകൻ കൂടിയായ അക്രമിന്റെ വാക്കുകൾ ഇങ്ങനെ, “ടെസ്റ്റിൽ സേവാഗ് കടന്ന് വരുന്നത് താമസിച്ചാണ്, എന്നാൽ 1999-2000 കാലഘട്ടത്തിൽ അഫ്രീദി ടെസ്റ്റ് ഓപ്പണിംഗിന് പുതിയ മാനങ്ങൾ കൊണ്ട് വന്നിരുന്നു. താനായിരുന്നു ബോളറെങ്കിലും അഫ്രീദിയെ ഔട്ടാക്കാനാകുമെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തനിക്കെതിരെ ബൗണ്ടറികൾ നേടുമായിരുന്നെന്നും അത് പോലെ തന്നെ എനിക്ക് അറിയാമായിരുന്നു. മോശം പന്തുകൾ അനായാസം സിക്സറുകൾ പറത്താനും അഫ്രീദി വിദഗ്ദ്ധനായിരുന്നു.” അക്രം പറഞ്ഞുനിർത്തി.