SHARE

അലസതയ്ക്ക് പേരു കേട്ട ഇന്ത്യൻ ക്രിക്കറ്ററാണ് വീരേന്ദർ സേവാഗ്. ഓട്ടത്തിലും, ഫീൽഡിലും, കളിക്കുന്ന രീതിയിലുമെല്ലാം ആ അലസത പ്രകടമാണ്. എന്നാൽ ക്രിക്കറ്റ് ലോകത്ത് തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ ഈ അലസതയൊന്നും സേവാഗിന് വിനയായില്ല എന്നത് വേറെ കാര്യം. ഇന്ന് വിശാഖപട്ടണത്ത് ശ്രീലങ്കയുമായി ഇന്ത്യ മൂന്നാം ഏകദിന മത്സരത്തിൽ കളിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകൾ 10 വർഷം പിന്നിലേക്ക് സഞ്ചരിക്കുകയാണ്.

10 വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2007 ഫെബ്രുവരി 17-ം തീയതി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ വിശാഖപട്ടണത്ത് നടന്ന മത്സരത്തിലാണ് ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ഒരിക്കലും സംഭവിക്കരുതാത്ത ഒരു അലസതയിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞത്. ക്രിക്കറ്റ് ലോകം ഏറെ കൗതുകകരമായി കണ്ട വിക്കറ്റായിരുന്നു അത്.

സംഭവം ഇങ്ങനെ, ആദ്യ ബാറ്റിംഗിൽ 259 റൺസ് സ്കോർ ചെയ്ത ലങ്കയ്ക്കെതിരെ 260 എന്ന വിജയ ലക്ഷ്യവുമായി ഇന്ത്യ മറുപടി ബാറ്റ് ചെയ്യുകയാണ്. ഇന്ത്യൻ ഇന്നിംഗ്സിന്റെ 18-ം ഓവറെറിഞ്ഞ ലസിത് മലിഗയുടെ പന്ത് ഡീപ്പ് ബാക്ക് വേഡ് പോയിന്റിലേക്ക് അടിച്ചു നീട്ടിയ സേവാഗ് റണ്ണിനായി ഓടി (അല്ല നടന്നു). പന്തെടുത്ത മലിഗ ബണ്ടാര വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയ്ക്ക് പന്ത് കൈമാറി. നോൺ സ്ട്രൈക്കിംഗ് എൻഡിൽ ഉണ്ടായിരുന്ന ഗാംഗുലി ഇതിനോടകം റൺ പൂർത്തിയാക്കിയിരുന്നു. എന്നാൽ സംഗക്കാര നോക്കുമ്പോൾ സേവാഗ് മറുവശത്ത് പതിയെ നടന്ന് ക്രീസിലേക്ക് പോകുന്നു. അദ്ദേഹം സമയം ഒട്ടും പാഴാക്കിയില്ല. ബോളിങ് എൻഡിലെ സ്റ്റമ്പിന് നേരെ അദ്ദേഹത്തിന്റെ ത്രോ പാഞ്ഞു. അപ്പോളും ഇതൊന്നുമറിയാതെ വീരു ക്രീസിലേക്ക് നടക്കുകയായിരുന്നു. ഇതിനിടയിൽ ഗാംഗുലിയുടെ വിളി കേട്ട് സേവാഗ് തിരിഞ്ഞ് നോക്കുന്നതും വിക്കറ്റ് തെറിക്കുന്നതും ഒരുമിച്ചായിരുന്നു.

ഫീൽഡ് അമ്പയർ തീരുമാനം തേഡ് അമ്പയറിന് വിട്ടു. അവസാനം അദ്ദേഹത്തിന്റെ വിധി വന്നപ്പോൾ സേവാഗ് റൺഔട്ട്. ഒരിക്കലും മാറാത്ത അലസതയിലൂടെ സേവാഗ് മറ്റൊരു വിക്കറ്റ് കൂടി വലിച്ചെറിഞ്ഞപ്പോൾ കളിക്കളത്തിലെ തന്റെ മനസാന്നിദ്ധ്യത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ കൈയ്യടി നേടുകയായിരുന്നു അന്ന് സംഗക്കാര.