ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന വീരേന്ദ്ര സേവാഗ്, കുറച്ച് കാലങ്ങളായി ക്രിക്കറ്റ് മത്സരങ്ങളുടെ കമന്റേറ്ററായി തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം കമന്റേറ്റര്‍ ബോക്സില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സേവാഗിന്റെ തീരുമാനം. 39കാരനായ താരം 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
അടുത്തിടെ നടന്ന ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിന്റെ താരമായിരുന്നു സേവാഗ്. എന്നാല്‍ ആദ്യമത്സരത്തില്‍ റണ്ണെടുക്കാതെ പുറത്താവുകയും, പരുക്കേറ്റതിനാല്‍ പിന്നീടുള്ള മത്സരങ്ങളൊന്നും കളിക്കാനും അദ്ദേഹത്തിന് സാധിക്കുകയും ചെയ്തില്ല. എന്നാല്‍ കമന്ററി ബോക്സുകളിലൂടെയും സമൂഹമാധ്യമങ്ങളുടെയുള്ള തമാശകളിലൂടെയും താരം കഴിഞ്ഞ വര്‍ഷവും ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ വിലസുകയായിരുന്നു. താരത്തിന്റെ തമാശ കലര്‍ന്ന പിറന്നാള്‍ ആഘോഷങ്ങളും ആരാധകര്‍ ആസ്വദിച്ചിരുന്നു. ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്‍ഗനുമായി സമൂഹമാധ്യമത്തിലൂടെ താരം നടത്തിയ വാക്പോരുകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കൂടാതെ ഐ പി എല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഡയറക്ടറും മെന്ററുമായും സേവാഗ് പ്രവര്‍ത്തിച്ചിരുന്നു. ഈ സ്ഥാനത്ത് താരത്തെ നിലനിര്‍ത്താന്‍ തന്നെയായിരിക്കും ഇത്തവണയും പഞ്ചാബിന്റെ തീരുമാനം. എന്നാല്‍ ഈ വര്‍ഷം കമന്ററി ബോക്സുകളില്‍ തന്നെ കാണാന്‍ കഴിയില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.