SHARE

സാധരാണ​ഗതിയിൽ ആര് പന്തെറിയുന്നു എന്നതൊന്നും കളിച്ചിരുന്ന കാലത്ത് വിരേന്ദർ സേവാ​ഗിന് പ്രശ്നമായിരുന്നില്ല. കാരണം ഏത് ബോളിനേയും പരമാവധി കരുത്തിൽ ദൂരേയ്ക്ക് അടിച്ചകറ്റുക എന്നതായിരുന്നു വീരുവിന്റെ ശൈലി. അതിനാൽ തന്നെ അധികം ബൗളർമാരയൊന്നും വീരു ഭയന്നിട്ടുമില്ല ബഹുമാനിച്ചിട്ടുമില്ല.

എന്നാൽ കളിക്കളത്തിൽ നിന്ന് വിരമിച്ച് വർഷങ്ങൾക്കിപ്പുറം കമന്ററി ബോക്സിലിരിക്കുമ്പോൾ ഒരു ബോളറെ വീരു ഭയക്കുന്നുണ്ട്. വീരു തന്നെ അക്കാര്യം പറയുകയും ചെയ്തു. രാജസ്ഥാൻ റോയൽസിൽ ഇം​ഗ്ലീഷ് പേസർ ജോഫ്ര ആർച്ചറാണ് വീരുവിനെ ഭയപ്പെടുത്തുന്ന ബൗളർ. കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദിനെതിരായ ഐ.പി.എൽ മത്സരത്തിന് പിന്നാലെയാണ് ആർച്ചറെ പുകഴ്ത്തി സേവാ​ഗ് രം​ഗത്തെത്തിയത്.

ആർച്ചർ ഒട്ടേറെ വിക്കറ്റുകൾ നേടിക്കഴിഞ്ഞു, എന്നാൽ വേ​ഗതയല്ല, മറിച്ച് ആർച്ചറിന്റെ പന്തുകളുടെ ലൈനും ലങ്തുമാണ് പ്രധാനം, എതിർബാറ്റ്സ്മാനെ പിഴവുകൾ വരുത്താൻ അത് പ്രേരിപ്പിക്കുന്നു, അക്കാര്യത്തിൽ ആർച്ചർ നന്നായി വിജയിച്ചു. ഈ ഐ.പി.എല്ലിലെ ഒരു എം.വി.പിയാണ് ആർച്ചർ, ഞാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചുകഴിഞ്ഞതിനാൽ ഇനി ആർച്ചറിന്റെ പന്തുകളെ നേരിടേണ്ടല്ലോ, അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്, സേവാ​ഗ് ക്രിക്ക്ബസിനോട് പറഞ്ഞു.