SHARE

ക്രിക്കറ്റിൽ തന്റെ സ്വപ്ന ഫോമിലൂടെ കടന്ന് പോവുകയാണ് കർണാടക ബാറ്റ്സ്മാൻ മയങ്ക് അഗർവാൾ. സമീപകാലത്ത് ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ താരം നിരവധി റെക്കോർഡുകളും ഈ സീസണിൽ തന്റെ പേരിലാക്കി. കഴിഞ്ഞയിടയ്ക്ക് അവസാനിച്ച വിജയ് ഹസാരെ ട്രോഫിയിലും ഈ വർഷത്തെ രഞ്ജി ട്രോഫിയിലും ടോപ് സ്കോററായ താരം ഒരു അഭ്യന്തര സീസണിൽ ഏറ്റവും കൂടുതൽ റൺസുകൾ നേടുന്ന ഇന്ത്യൻ താരമായും മാറിയിരുന്നു.

ആക്രമണ ശൈലിയിൽ കളിക്കുന്ന വലം കൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ആയതിനാൽ മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗുമായാണ് അഗർവാളിനെ ക്രിക്കറ്റ് ലോകം താരതമ്യം ചെയ്യുന്നത്. താരത്തെ രണ്ടാം സേവാഗെന്നും ഒരു പറ്റം ക്രിക്കറ്റ് വിദഗ്ദർ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ താൻ ആരാധിക്കുന്ന സേവാഗുമായി തന്നെ താരതമ്യപ്പെടുത്തുന്നത് അഗർവാളിനെ അല്പം അലോസരപ്പെടുത്തുന്നുണ്ട്. ഇതിനെക്കുറിച്ച് ഈ കർണാടക താരത്തിന് പറയാനുള്ളത് ഇപ്രകാരമാണ്.

“സേവാഗുമായി താരതമ്യം വരുന്നത് തന്നെ കുറച്ച് വിഷമിപ്പിക്കുന്നുണ്ട്. കാരണം അദ്ദേഹം ഒരു ഇതിഹാസ താരമാണ്. ഇത്തരം വിശേഷണങ്ങൾ തനിക്ക് കൂടുതൽ സമ്മർദ്ദം നൽകാൻ മാത്രമേ സഹായിക്കൂ. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുന്നതും ബോളർമാർക്കെതിരെ അദ്ദേഹം ആധിപത്യംനേടുന്നതുമാണ് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്. സേവാഗ് പാജിയുടെ മാനസിക കരുത്താണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളത്. അദ്ദേഹത്തെപ്പോലെ മനസ് കരുത്തുറ്റതാക്കുകയാണ് തന്റെ ലക്ഷ്യം. അഗർവാൾ പറഞ്ഞുനിർത്തി‌.

മുൻപ് സേവാഗ് നൽകിയ ഉപദേശങ്ങൾ ക്രിക്കറ്റിൽ മികവ് കാട്ടാൻ തനിക്ക് തുണയായെന്നും, വരും ഐപിഎല്ലിൽ പഞ്ചാബിൽ കളിക്കുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം കിട്ടുന്ന പരിശീലന സമയങ്ങൾ തന്റെ കരിയറിൽ വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.