SHARE

മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ വെടിക്കെട്ടോടെ ഐസ് ക്രിക്കറ്റിന് തുടക്കമായി. സ്വിറ്റ്സർലാന്റിലെ സെന്റ് മോറിസിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സേവാഗും സംഘവും അവസാന വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ 115/4 എന്ന നിലയിലാണ്. 31 പന്തിൽ 62 റൺസ് നേടിയ വീരേന്ദർ സേവാഗാണ് ടീമിന് മികച്ച തുടക്കം സമ്മാനിച്ചത്. 4 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ്. 31 റൺസുമായി ആൻഡ്രൂ സൈമണ്ട്സും, 4 റൺസുമായി മൊഹമ്മദ് കൈഫുമാണ് നിലവിൽ ബാറ്റ് ചെയ്യുന്നത്.

പ്രഥമ ഐസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ സേവാഗ് നായകനായ പാലസ് ഡയമണ്ട്സും, ഷഹീദ് അഫ്രീദി നയിക്കുന്ന റോയൽസുമാണ് ഏറ്റുമുട്ടുന്നത്. തിലകരത്നെ ദിൽഷൻ, സേവാഗ്, ജയവർധനെ, ഹസി, സൈമണ്ട്സ്, മലിംഗ്, കൈഫ് എന്നിവരാണ് സേവാഗ് നയിക്കുന്ന പാലസ് ഡയമണ്ട് ടീമിൽ കളിക്കുന്നത്. അതേ സമയം ഷോയിബ് അക്തർ, അബ്ദുൾ റസാഖ്, കാലീസ്, വെട്ടോറി തുടങ്ങിയ പ്രമുഖർ അഫ്രീദി നയിക്കുന്ന റോയൽസ് ടീമിൽ അണിനിരക്കുന്നു.

സെന്റ് മോറിസ് ഐസ് ക്രിക്കറ്റ് എന്ന പേരുള്ള ഐസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ അമൂൽ ആണ്.