SHARE

വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിനിറങ്ങുമ്പോൾ ഇന്ന് ഇന്ത്യയെ ഏറ്റവുമധികം അലട്ടുന്നത് ടീം സെലക്ഷൻ‌. പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഭുവനേശ്വർ കുമാറിനെ കളിപ്പിക്കണോ, അതോ ഭുവിക്ക് പകരം ടീമിലെത്തിയ അഫ്ഗാനിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച മൊഹമ്മദ് ഷാമിയെ കളിപ്പിക്കണോ എന്ന കാര്യത്തിലാണ് ഇന്ത്യയ്ക്ക് തലവേദന.

ഭുവിക്ക് പകരം, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ടീമിലെത്തിയ ഷമി, തകർപ്പൻ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഹാട്രിക്ക് നേടി ടീമിന്റെ ഹീറോ ആയി മാറാനും ഷമിക്ക് കഴിഞ്ഞു. ഷമിയുടെ ഈ മിന്നും ഫോം അദ്ദേഹത്തിന് ടീമിലെ സ്ഥാനം നിലനിർത്താൻ സഹായകമാകും എന്ന് ഒരു കൂട്ടം ആരാധകർ വിശ്വസിക്കുമ്പോൾ, പരിക്ക് മാറിയെത്തുന്ന ഭുവി തന്നെ ഇന്ന് കളിക്കുമെന്ന് മറ്റൊരു കൂട്ടം ആരാധകർ പറയുന്നു. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള ചില താരങ്ങൾ ഭുവിയാകും വെസ്റ്റിൻഡീസിനെതിരെ കൂടുതൽ ഫലപ്രദമാവുക എന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ഇവരിൽ ആര് ടീമിൽ ഇടം പിടിക്കുമെന്നറിയാ‌ൻ ടോസ് വരെ കാത്തിരിക്കേണ്ടി വരും.