SHARE

ഏഷ്യകപ്പിനിടെ പരിക്കേറ്റ ഹാർദിക് പാണ്ട്യയോട് രഞ്ജി ട്രോഫിയിൽ കളിച്ച് ഫിറ്റ്നസ് തെളിയിക്കാൻ ബിസിസിഐ നിർദ്ദേശം നൽകി. നേരത്തെ യു.എ.ഇ യിൽ നടന്ന ഈ വർഷത്തെ ഏഷ്യകപ്പിനിടെ പരിക്കേറ്റ ഹാർദിക്‌പാണ്ട്യയ്ക്ക് പിന്നാലെ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനവും തുടർന്ന് ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ വെച്ച് നടന്ന ടി20 പരമ്പരയും നഷ്ടമായിരുന്നു.

ടി20 പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഓസീസിനെതിരെയുള്ള 4 മത്സര ടെസ്റ്റ് പരമ്പരയിലും ഹാർദികിന് ഇടംപിടിക്കാൻ കഴിഞ്ഞില്ല. എന്നാൽ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഹാർദിക് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനാണ് രഞ്ജി‌ട്രോഫി കളിക്കാൻ ഹാർദിക്കിനോട് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇ.എസ്.പി.എൻ ക്രിക്കിൻഫോയുടെ റിപ്പോർട്ടനുസരിച്ച് ഈ സീസണിലെ ആറാം റൗണ്ട് രഞ്ജി ട്രോഫി മത്സരത്തിൽ ബറോഡയ്ക്ക് വേണ്ടി പാണ്ട്യ ജേഴ്സിയണിയും. കരുത്തരായ മുംബൈക്കെതിരെ അടുത്ത മാസം പതിനാലാം തീയതിയാണ് ഈ മത്സരം ആരംഭിക്കുക. അതേ സമയം 2016-17 സീസണ് ശേഷം ഇതാദ്യമായാണ് പാണ്ട്യ ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനൊരുങ്ങുന്നത്. എന്നാൽ ഏകദിന പരമ്പരയുടെ മുന്നൊരുക്കത്തിന് വേണ്ടി ചതുർദിന മത്സരത്തിൽ കളിച്ച് മികവ് വീണ്ടെടുക്കാൻ പാണ്ട്യയോട് ബിസിസിഐ ആവശ്യപ്പെട്ടത് എന്ത് കൊണ്ടെന്ന കാര്യത്തിൽ ഇത് വരെ വ്യക്ത കൈവന്നിട്ടില്ല.