SHARE

ലോകകപ്പിന്റെ മാത്രമല്ല, ഫുട്ബോളിലെ തന്നെ സമാനതകളില്ലാത്ത അട്ടിമറിയുടെ വീര​ഗാഥയാണ്, 2002-ൽ ദക്ഷിണ കൊറിയയും ജപ്പാനും ചേർന്ന് കിടക്കുന്ന ഏഷ്യൻ മണ്ണിൽ സെന​ഗൽ നടത്തിയത്. ജേതാക്കളുടെ വമ്പുമായെത്തിയ ഫ്രഞ്ച് പടയെ, തുരത്തിയോടിച്ച അന്നത്തെ സെന​ഗലീസ് മുന്നേറ്റം, ക്വാർട്ടർ ഫൈനൽ വരെയെത്തി. ആഫ്രിക്കയിൽ നിന്ന് അതിന് മുമ്പ് കാമറൂണും, അതിന് ശേഷം ഘാനയും മാത്രം സ്വന്തമാക്കിയ നേട്ടം.

എൽ ഹാജി ​​ദിയൂഫ് എന്ന ചീറ്റപ്പുലിയുടെ കരുത്തിൽ അന്ന് നടത്തിയ കുതിപ്പിന് സമാനമായ ഒന്ന് ആവർത്തിക്കാനാണ് ഇക്കുറിയും സെന​ഗൽ തയ്യാറെടുക്കുന്നത്. അന്നത്തെ താരങ്ങളാരും ഇന്ന് ടീമിലില്ല, എന്നാൽ ആ സുവർണനേട്ടത്തിന് നെടുനായകത്വം വഹിച്ച ഒരാളാണ് ഇത്തവണ റഷ്യയിലേക്ക് സെന​ഗലിനെ കളിപഠിപ്പിച്ച് കൊണ്ടുപോകുന്നത്. 42-കാരനായ അലിയു സിസെ.

2002 ലോകകപ്പിൽ സെന​ഗൽ ക്യാപ്റ്റനായിരുന്ന സിസെയ്ക്ക് ഇപ്രാവശ്യം ചുമതല പരിശീലകന്റേത്. 2015 മുതൽ സെന​ഗൽ ടീമിന്റെ പരിശീലകനാണ് സിസെ. 2009-ൽ കളിമതിയാക്കിയ ശേഷം പരിശീലകവേഷമണിഞ്ഞ സിസെ, ദേശീയ ടീമിന്റെ അണ്ടർ 23- ടീമിന്റെ സഹപരിശീലകനായും, പിന്നീട് പരിശീലകനായും നിയമിക്കപ്പെട്ടു.

2015-ൽ ദേശീയ ടീമിന്റെ ചുമതലയേറ്റ സിസെ, ആദ്യം ചെയ്തത് തന്റെ പഴയ സഹപ്രവർത്തകരെ ടീമിന്റെ ഭാ​ഗമാക്കുക എന്നതായിരുന്നു. 2002- ലോകകപ്പ് ടീമിൽ അം​ഗമായിരുന്ന, ​​ഗോളി, ടോണി സിൽവയെ ​ഗോൾക്കീപ്പിങ്ങ് കോച്ചായും, പ്രതിരോധതാരം, ഓമർ ദാഫിനെ സഹപരിശീലകനായും, മറ്റൊരു പ്രതിരോധ താരം ലാമിൻ ഡിയാറ്റയെ ടീം കോ-ഓർഡിനേറ്ററായും നിയമിച്ചു.

സമപ്രായക്കാരും സഹതാരങ്ങളുമായ ഇവർ ഒരു സം​ഘമായി പ്രനർത്തിച്ചതിന്റെ ഫലമായി, 2017 ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെന​ഗൽ ക്വാർട്ടർ കണ്ടു. പിന്നാലെ, ലോകകപ്പിനും യോ​ഗ്യത നേടി. യോ​ഗ്യതാ റൗണ്ടിൽ ഒറ്റമത്സരം പോലും തോൽക്കാതെയായിരുന്നു സെന​ഗലിന്റെ കുതിപ്പ്.

ലോകകപ്പിൽ പോളണ്ട്, ജപ്പാൻ, കൊളംബിയ എന്നിവരടങ്ങിയ ​ഗ്രൂപ്പിലാണ് സെന​ഗൽ. ​ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഒരു ക്വാർട്ടർ ഫൈനൽ കൂടി അവർ സ്വപ്നം കാണുന്നുണ്ട്. ലിവർപൂളിന്റെ സാദിയോ മാനെയാണ് സെന​ഗലിന്റെ സൂപ്പർ സ്റ്റാർ. നാപ്പോളിയുടെ പ്രതിരോധത്തിലെ ഉറപ്പ്, ഖാലിദോ കൗലിബാലി, മൊണാക്കോയുടെ ബാൾഡെ കെയ്റ്റ, ഡിയഫ്ര സാഖോ തുടങ്ങി ലോകമറിയുന്ന താരനിരയുടെ കരുത്തിലാണ് ഇക്കുറി സെന​ഗലിന്റെ വരവ്.