SHARE

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീല‌ങ്കൻ ഓഫ് സ്പിന്നർ സചിത്ര സേനാനയകെ. ഇനി ശ്രീലങ്കൻ ദേശീയ ടീമിൽ അവസരം ലഭിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായതാണ്‌ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിന് കാരണം. വിരമിക്കൽ പ്രഖ്യാപിക്കുന്നതിനിടെ സേനാനായകെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അഭ്യന്തര മത്സരങ്ങളിൽ താരം തുടർന്നും കളിക്കും.

2012 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ കളിച്ചാണ്‌ സേനാനായകെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്‌. ദേശീയ ടീമിനായി 49 ഏകദിനങ്ങളും, 24 ടി20 മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവും സേനാനായകെ കളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 78 വിക്കറ്റുകളാണ് ഈ വലം കൈയ്യൻ ഓഫ് സ്പിന്നർ വീഴ്ത്തിയത്‌. 2016 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 മത്സരമായിരുന്നു ലങ്കൻ ജേഴ്സിയിൽ താരത്തിന്റെ അവസാന മത്സരം.

ഒരു സമയത്ത് ശ്രീല‌ങ്കൻ സ്പിൻ ബോളിംഗിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സേനാനായകെ‌. 2014 ൽ ടി20 ലോകകപ്പ് നേടിയ ലങ്കൻ ടീമിലുംസേനാനായകെ ഉണ്ടായിരുന്നു.