SHARE
സെമിയിൽ അൾജീരിയയുടെ വിജയ​ഗോൾ നേടിയ സൂപ്പർതാരം റിയാദ് മെഹ്രസ്

അഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ കരുത്തരായ സെന​ഗലും അൾജീരിയയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30-നാണ് ആഫ്രിക്കയുടെ പുതിയ കിരീടജേതാക്കളെ അറിയാനുള്ള പോരാട്ടം. ഈജിപ്തിലെ കെയ്റോ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം

സെമിയിൽ ടുണീഷ്യയെ ഒരു ​ഗോളിന് തോൽപ്പിച്ചാണ് സെന​​ഗൽ ഫൈനലിലെത്തിയത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിന്റെ വിധിനിശ്ചയിച്ചത് സെൽഫ് ​ഗോളായിരുന്നു. നിശ്ചതസമയത്ത് സമനിലപാലിച്ച മത്സരത്തിന്റെ അധികസമയത്തായിരുന്നു ​ഗോൾ വീണത്. 100-ാം മിനിറ്റിൽ ടുണീഷ്യയുടെ പ്രതിരോധതാരം ഡൈലാൻ ബ്രോണാണ് സ്വന്തം വലയിലേക്ക് പന്തെത്തിച്ച് സെന​ഗലിന് വിജയം സമ്മാനിച്ചത്.

കരുത്തരായ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വീഴ്ത്തിയാണ് അൾജീരിയ ഫൈനലിനെത്തുന്നത്. നൈജീരിയൻ താരം വില്യം ഇലോങ്ങിന്റെ സെൽഫ് ​ഗോളിൽ അൾജീരിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ പെനാൽറ്റി ​ഗോളാക്കി ഒദിയോൻ ഇ​ഹാലോ നൈജീരിയയെ ഒപ്പമെത്തിച്ചു. തുടർന്ന് ഇഞ്ച്വറി ടൈമിൽ സൂപ്പർ താരം റിയാദ് മെഹ്രസ് അൾജീരിയക്കായി വിജയ​ഗോൾ നേടുകയായിരുന്നു.