SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ടീമിന്റെ പുതിയ സപ്പോർട്ട് സ്റ്റാഫുകളെ കണ്ടെത്താനുള്ള നീക്കം ബിസിസിഐ ‌തുടങ്ങിയത്‌. എം എസ് കെ പ്രസാദ് തലവനായിട്ടുള്ള സെലക്ഷൻ കമ്മറ്റിക്കാണ് ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിനെ കണ്ടെത്താനുള്ള ചുമതല ബിസിസിഐ നൽകിയിരിക്കുന്നത്‌.

തിങ്കളാഴ്ചയായിരുന്നു ടീമിന്റെ പുതിയ സപ്പോർട്ട് സ്റ്റാഫിനെ കണ്ടെത്തുന്നതിനുള്ള അഭിമുഖം സെലക്ഷൻ കമ്മറ്റി ആരംഭിച്ചത്. ബാറ്റിംഗ് പരിശീലകൻ, ബോളിംഗ് പരിശീലകൻ, ഫീൽഡിംഗ് പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ്, സ്ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകൻ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു അഭിമുഖം നടന്നത്.

-Advertisement-

ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് 14 പേരെയും, ബോളിംഗ് പരിശീലക സ്ഥാനത്തേക്ക് 12 പേരെയും, ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് 9 പേരെയും, ഫിസിയോ തെറാപ്പിസ്റ്റ് സ്ഥാനത്തേക്ക് 16 പേരെയും, സ്ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലക സ്ഥാനത്തേക്ക് 12 പേരെയുമാണ് ഇന്റർവ്യൂ ചെയ്തത്. അഭിമുഖത്തിന് ശേഷം എല്ലാ വിഭാഗങ്ങളിലേക്കും മൂന്ന് വീതം പേരെ സെലക്ഷൻ കമ്മറ്റി‌ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇവർക്ക് വേണ്ടി ഒരു അവസാന ഘട്ട അഭിമുഖം നടത്തുമെന്നും അതിന് ശേഷമായിരിക്കും ഈ സ്ഥാനങ്ങളിലേക്ക് ആരൊക്കെയെത്തും എന്ന് തീരുമാനിക്കുകയെന്നുമാണ്‌ സൂചനകൾ.

ഓരോ സ്ഥാനത്തേക്കും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പരിശീലകർ,

ബാറ്റിംഗ് പരിശീലകൻ

1) വിക്രം റാത്തോർ
2) സഞ്ജയ് ബംഗാർ
3) മാർക്ക് റാം പ്രകാശ്

ബോളിംഗ് പരിശീലകൻ

1) ഭരത് അരുൺ
2) പരസ് മാംബ്രെ
3) വെങ്കടേഷ് പ്രസാദ്

ഫീൽഡിംഗ് പരിശീലകൻ

1) ആർ ശ്രീധർ
2) അഭയ് ശർമ്മ
3) ടി.ദിലീപ്

ഫിസിയോതെറാപ്പിസ്റ്റ്

1) നിതിൻ പട്ടേൽ
2) ആൻഡ്രൂ ലീപ്പസ്
3) വൈഭവ് ദാഗ.