SHARE

ശ്രീലങ്കയും ബംഗ്ലാദേശും പങ്കെടുക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നിര്‍ണ്ണായക നീക്കവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയ്ക്ക് ശേഷം പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് ഇന്ത്യയുടെ നീക്കം. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ക്കാണ് ഇന്ത്യ വിശ്രമം നല്‍കുന്നത്.

കര്‍ണാടക താരം മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഫോമിലാണ് അഗര്‍വാള്‍. രഞ്ജി ട്രോഫിയില്‍ 1160 റണ്‍സും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിജയ് ഹസാരേ ട്രോഫി മത്സരത്തില്‍ 552 റണ്‍സും താരം നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ യുവതാരങ്ങള്‍ ടീമിലിടം നേടാന്‍ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യ 5-1നാണ് സ്വന്തമാക്കിയത്.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ 1-1 ന് ഇരുടീമുകളും ഒപ്പം നില്‍ക്കുകയാണ്. ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫി മാര്‍ച്ച് എട്ടിനാണ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മൂന്നു ടീമുകളും പരസ്പരം രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. മാര്‍ച്ച് 18നാണ് ഫൈനല്‍.