SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് അവസാനിച്ചതിന് പിന്നാലെ തുടങ്ങാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ പല സൂപ്പർതാരങ്ങളും ഇന്ത്യക്കായി കളിച്ചേക്കില്ല. ക്യാപ്റ്റൻ രോഹിത് ശർമയടക്കം മൂന്ന് ഫോർമാറ്റിലും കളിക്കുന്ന ഒരുപിടി താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ജൂൺ ഒമ്പതിനാണ് അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര തുടങ്ങുന്നത്. ഇതിന്റെ സ്ക്വാഡ് മെയ് 22-ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടെയാണ് പ്രധാനതാരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ടുകൽ വരുന്നത്. രോഹിത്തിന് പുറമെ വിരാട് കോഹ്ലി, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നീ താരങ്ങൾക്കും ഈ പരമ്പരയിൽ വിശ്രമം അനുവദിക്കാനാണ് നീക്കം. അയർലൻഡിനെതിരായി നടക്കുന്ന രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയിലും ഈ താരങ്ങൾ കളിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

പ്രധാന താരങ്ങളില്ലാത്ത സാഹചര്യത്തിൽ പരമ്പരയിൽ ടീമിനെ നയിക്കുന്നത് ആരെന്ന കാര്യത്തിലും ഏതാണ്ട് തീരുമാനമായെന്നാണ് സൂചന. സീനിയർ താരമായ ഓപ്പണർ ശിഖർ ധവാൻ അല്ലെങ്കിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരിലൊരാളാകും ക്യാപ്റ്റനെന്നാണ് റിപ്പോർട്ട്. മുമ്പ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട് ധവാൻ. ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനെന്ന നിലയിലെ ഉജ്ജ്വലപ്രകടനമാണ് പാണ്ഡ്യയുടെ പേര് ചർച്ചകളിലേക്കെത്തിച്ചത്.