SHARE

യൂറോപ്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലും തോറ്റ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം തിരികെ നാട്ടിലേക്ക്. അവസാന മത്സരത്തില്‍ ഒരു ഗോള്‍ നേടിയശേഷമാണ് ഇന്ത്യ സെര്‍ബിയയോട് 3-1ന് തോറ്റത്. ആദ്യ മത്സരം 2-0ത്തിനാണ് യുവനിര തോറ്റത്. യൂറോപ്യന്‍ പര്യടനത്തില്‍ മൊത്തം അഞ്ചു മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്.

ക്രൊയേഷ്യയില്‍ നടന്ന ചതുര്‍രാഷ്ട്ര പരമ്പര അടക്കം കളിച്ച അഞ്ചിലും തോറ്റെങ്കിലും ആരാധകരുടെ മനംകവര്‍ന്നാണ് യുവനിര മടങ്ങുന്നത്. അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യയ്ക്ക് എതിരാളിയുടെ വലയില്‍ ഒരുതവണ പന്തെത്തിക്കുന്നതിന്. എന്നാല്‍ പര്യടനത്തിലുടനീളം മികച്ച പ്രകടനമാണ് നാളെയുടെ ടീം നടത്തിയത്.

സെര്‍ബിയയ്‌ക്കെതിരേ അവസാന മത്സരത്തില്‍ ഗോള്‍ നേടിയത് റഹീം അലിയാണ്. ആദ്യ പകുതിയില്‍ 3-0ത്തിന് പിന്നില്‍ നിന്നശേഷമാണ് ഒരെണ്ണം തിരിച്ചടിച്ചത്. രണ്ടാംപകുതിയുടെ തുടക്കത്തിലാണ് ഈ ഗോള്‍ വന്നത്. ഇനി ഐലീഗിലാകും ടീം കളിക്കാനിറങ്ങുക.