SHARE

ഐ.എസ്.എൽ ഏഴാം സീസൺ തുടങ്ങും മുമ്പ് തന്നെ ഏറ്റവുമധികം കിരീട സാധ്യത കൽപ്പിക്കപ്പെട്ടത് മുംബൈ സിറ്റി എഫ്.സിക്കാണ്. സിറ്റി ​ഗ്രൂപ്പ് ഏറ്റെടുത്തതിനൊപ്പം പരിശീലകനായി സെർജിയോ ലൊബേറ എത്തയതും കൂടിയാണ് മുംബൈയെ പിന്തുണയ്ക്കാൻ പലരേയും പ്രേരിപ്പിച്ചത്.

​ഗോവയിൽ മുമ്പ് ഒപ്പമുണ്ടായിരുന്ന പല താരങ്ങളേയും ലൊബേറ മുംബൈയിലേക്ക് ഒപ്പം കൂട്ടിയിരുന്നു. ഇതോടെ ലൊബേറയുടെ ശ്രദ്ധേയമായ കളിശൈലി മുംബൈയിലും നടപ്പാക്കുമെന്നാണ് ആരാധകപ്രതീക്ഷ. എന്നാൽ അത് അത്ര എളുപ്പത്തിൽ നടക്കുന്നതല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ലൊബേറ. സീസണിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് അപ്രതീക്ഷത തോൽവി നേരിട്ടതിന് പിന്നാലെയാണ് ലൊബേറ ഇക്കാര്യം പറഞ്ഞത്.

പുതിയൊരു കളിശൈലി നടപ്പിൽ വരുത്താനാണ് ശ്രമിക്കുന്ന്, എന്നാൽ അത് അത്ര എളുപ്പമൊന്നുമല്ല, ടീമിലെ നാല് താരങ്ങൾ മുമ്പ് എന്റെ കീഴിൽ കളിച്ചവരാണ്, എന്നാൽ മറ്റ് താരങ്ങളെ എനിക്ക് പുതുമുഖങ്ങളാണ്, അവർക്ക് ഈ ശൈലിയും പരിചിതമല്ല, അതിനാൽ തന്നെ പല കാര്യങ്ങളിലും പുരോ​ഗതി നേടാനുണ്ട്, ജയമാണ് ഏറ്റവും പ്രധാനം, നിർഭാ​ഗ്യവശാൽ ഇന്ന് അത് സംഭവിച്ചില്ല, ലൊബേറ പറഞ്ഞു.