SHARE

ലിവര്‍പൂളും റയല്‍ മഡ്രിഡും തമ്മില്‍ നടന്ന യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലായ്ക്ക് പരുക്ക് പറ്റിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായത്. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മനപ്പൂര്‍വ്വം സലായെ ഫൗള്‍ ചെയ്തതാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. റാമോസിനെതിരെ വലിയ പ്രതിഷേധങ്ങളുമുണ്ടായി.

എന്നാല്‍ പിന്നീട് റാമോസ് മനപ്പൂര്‍വ്വം ഫൗള്‍ ചെയ്തതല്ലെന്ന് വ്യക്തമാക്കി സലാ തന്നെ രംഗത്ത് വരികയും ചെയ്തു. അതിന് ശേഷം ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കരിയൂസിന് പിഴവ് സംഭവിച്ചത് റാമോസ് കാരണമാണെന്ന് വാര്‍ത്തകള്‍ വന്നു. പിഴവ് സംഭവിക്കുന്നതിന് മുമ്പ് റാമോസിന്റെ കൈമുട്ട് കരിയൂസിന്റെ തലയില്‍ തട്ടിയിരുന്നുവെന്നും അത് പിഴവിന് കാരണമായേക്കാമെന്ന് ഒരു ഡോക്ടറാണ് വ്യക്തമാക്കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം കടുത്ത മറുപടി നല്‍കിയിരിക്കുകയാണ് റാമോസ്.

ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോക്ക് ജലദോഷം വന്നതിനും കാരണം എന്റെ വിയര്‍പ്പുതുള്ളി ദേഹത്ത് വീണതാണെന്നും പറയുമോയെന്നായിരുന്നു റാമോസിന്റെ ചോദ്യം. സലായെ മനപ്പൂര്‍വ്വം ഫൗള്‍ ചെയ്തതല്ലെന്നും അദ്ദേഹം തന്റെ കയ്യില്‍ പിടിച്ചതാണെന്നും റാമോസ് പറഞ്ഞു. മാധ്യമങ്ങള്‍ സലായുടെ പരുക്ക് പെരുപ്പിച്ച് കാണിച്ചതാണെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു.