SHARE

അർജന്റീനയുടെ ലോകകപ്പ് ടീമിൽ നിന്ന് പരിക്കിനെത്തുടർന്ന് ​ഗോളി സെർജിയോ റോമേറോയെ ഒഴിവാക്കിയതിന് പിന്നാലെ ദേശീയ ടീമിനെതിരെ ആരോപണവുമായി താരത്തിന്റെ ഭാര്യ രം​ഗത്ത്. ലോകകപ്പിന് കളിക്കാൻ കഴിയുമായിരുന്നിട്ടും മറ്റ് പലരുടേയും ആ​ഗ്രഹത്തെത്തുർന്നാണ് റോമേറോ പുറത്തായതെന്ന്, ഭാ​ര്യ എലിയാന ​ഗ്വിർഷ്യോ പറഞ്ഞു. ദ സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വലതുകാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് റൊമേറോയെ ഒഴിവാക്കുന്നതെന്നാണ് അർജന്റീന അധികൃതർ പറഞ്ഞത്. എന്നാൽ ഇതിനെതിരായ ആരോപണമാണ് എലിയാന ഉന്നയിക്കുന്നത്. റൊമേറോയുടെ പരിക്ക് ​ഗുരുതരമായിരുന്നില്ല, രണ്ടോ മൂന്നോ ആഴ്ചയക്കുള്ളിൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ലോകകപ്പോടെ ശാരീരികക്ഷമത വീണ്ടെടുക്കുവാൻ റോമേറോയ്ക്കാകുമായിരുന്നു, എലിയാന പറയുന്നു. ടീമിൽ നിന്ന് റോമേറോ പുറത്താക്കണമെന്ന് പലരും ആ​ഗ്രഹിച്ചിരുന്നു, അവർ ഈ പരിക്ക് അവസരമായെടുത്തു കള്ളങ്ങൾ‍ പ്രചരിപ്പിച്ചു, എലിയാന കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലെത്തിയ അർജന്റൈൻ ടീമിന്റ ​ഗോൽവല കാത്തത് റോമേറോയായിരുന്നു. ഇക്കുറിയും ടീമിന്റെ ഒന്നാം നമ്പർ ​ഗോളി റൊമേറോ ആകുമെന്നാണ് കരുതിയിരുന്നത്. റോമേറോയ്ക്ക് പരിക്കേറ്റതോടെ, റിവർപ്ലേറ്റിന്റെ ഫ്രാങ്കോ അർമാനിയോ, ചെൽസിയുടെ വില്ലി കാബെല്ലറോയോ ആകും ടീമിന്റെ ഒന്നാം ​ഗോളി.