SHARE

വരും സീസൺ മുതൽ ഐ എസ് എൽ ടീമായ ബെംഗളൂരു എഫ് സിക്ക് പുതിയ ഹോംഗ്രൗണ്ടിൽ കളിക്കേണ്ടി വന്നേക്കും. അവർ ഹോം ഗ്രൗണ്ടായി ഉപയോഗിച്ച് കൊണ്ടിരുന്ന ബാംഗ്ലൂരിലെ കണ്ടീരവ സ്റ്റേഡിയം കർണാടക അത്ലറ്റിക്ക് അസോസിയേഷന് വിട്ടുനൽകാൻ കോടതി വിധി വന്നതിനാലാണിത്. ഇതിനെതിരെ ബെംഗളൂരു എഫ് സിയുടെ ഉടമസ്ഥരായ ജെ എസ് ഡബ്ല്യൂ ഗ്രൂപ്പ് കർണാടക ഹൈക്കോടതിയിലെത്തിയെങ്കിലും കോടതിയും ജെ എസ് ഡബ്ല്യൂ ഗ്രൂപ്പിന് സ്റ്റേഡിയം വിട്ട് നൽകാനാവില്ലെന്ന് പറയുകയായിരുന്നു‌.

പ്രൈവറ്റ് ക്ലബ്ബായ ബെംഗളൂരു എഫ് സിക്ക് കണ്ടീരവ സ്റ്റേഡിയം വിട്ട് നൽകുന്നതിനെതിരെ അർജുന അവാർഡ് ജേതാവ് അശ്വിനി നാച്ചപ്പയും, നാൽപ്പത്തിയൊൻപതോളം മറ്റ് പരിശീലകരും, കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് അനുകൂലമായി വിധി ഉണ്ടായി. ബെംഗളൂരു എഫ് സിയുടെ കടന്നുകയറ്റം മൂലം കണ്ടീരവ സ്റ്റേഡിയത്തിൽ അത്ലറ്റിക്ക്സ് പരിശീലിക്കാൻ കഴിയുന്നില്ലെന്നും, സ്റ്റേഡിയത്തിലെ റണ്ണിംഗ് ട്രാക്കുകൾ അടക്കം ബെംഗളൂരു എഫ് സി നശിപ്പിച്ചെന്നുമായിരുന്നു അത്ലറ്റിക്ക്സ് പരിശീലകരുടെ പരാതി‌.