SHARE

ലോകകപ്പിന് സര്‍വസജ്ജരെന്ന് കരുതിയിരുന്ന ബ്രസീല്‍ ടീമിനും കോച്ച് ടിറ്റെയ്ക്കും ഓര്‍ക്കാപ്പുറത്തേറ്റ വന്‍ പ്രഹരമാണ് ഡാനി ആല്‍വസിന്റെ പരിക്ക്. കഴിഞ്ഞ ബുധനാഴ്ച ഫ്രഞ്ച് കപ്പ് ഫൈനലില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കവെയാണ് താരത്തിന് പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുപ്പത്തഞ്ചുകാരനായ ആല്‍വസ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ്. ബാഴ്‌സലോണയും യുവന്റസും പിഎസ്ജിയുമടക്കം യൂറോപ്പിലെ മുന്‍നിര ടീമുകള്‍ക്കായി ബൂട്ടുകെട്ടിയ താരം ഇതുവരെ 107 മത്സരങ്ങളില്‍ ബ്രസീലിന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. താരത്തിന്റെ അനുഭവസമ്പത്തും നേതൃപാടവവുമാണ് ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ക്ക് ഇതോടെ നഷ്ടമാകുന്നത്.

വലത് വിംഗ് ബാക്ക് സ്ഥാനത്ത് കളിക്കുന്ന ഡാനി ആല്‍വസിന് പകരക്കാരനെ കണ്ടെത്തുക എന്നത് കോച്ച് ടിറ്റെക്ക് അത്ര എളുപ്പമായിരിക്കില്ല. ഇടത് വിംഗ് ബാക്ക് സ്ഥാനത്ത് മാഴ്‌സലോ, അലക്‌സ് സാന്‍ഡ്രോ, ഫിലിപ്പെ ലൂയിസ് തുടങ്ങി ലോകോത്തര താരങ്ങളുണ്ടെങ്കിലും വലത് പാര്‍ശ്വത്തിലെ സ്ഥിതി അതല്ല. വര്‍ഷങ്ങളായി ഏതാണ്ട് ഡാനി ആല്‍വസ് മാത്രമാണാ പൊസിഷനില്‍ ബ്രസീലിനായി ബൂട്ട് കെട്ടുന്നത്. 2016ല്‍ ടിറ്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആല്‍വസിനെ കൂടാതെ അഞ്ച് താരങ്ങളെ മാത്രമേ വലത് ബാക്ക് സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളൂ. മാര്‍ക്കസ് റോച്ച, മരിയാനോ ഫറീറ, ഡാനിലോ, ഫാഗ്‌നര്‍, റാഫീഞ്ഞ എന്നിവരില്‍ പാല്‍മിറാസിന്റെ മാര്‍ക്കസ് റോച്ചക്കും തുര്‍ക്കി ക്ലബ്ബ് ഗാലറ്റസരായുടെ മരിയാനോക്കും നിലവിലെ ഫാമില്‍ കോച്ചിന്റെ പദ്ധതികളില്‍ ഇടമുണ്ടാകാന്‍ സാധ്യതയില്ല.

ബാക്കി മൂന്നു പേരില്‍16 തവണ ബ്രസീലിയന്‍ ജഴ്‌സിയണിഞ്ഞ ഡാനിലോയാണ് ഏറ്റവും കൂടുതല്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ളത്. റയല്‍ മാഡ്രിഡില്‍ നിന്ന് ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ താരത്തിന് മിക്കപ്പോഴും ആദ്യ ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. കോച്ച് പെപ് ഗാര്‍ഡിയോള താരത്തെ ചില മത്സരങ്ങളില്‍ ഇടത് വിംഗിലും സെന്റര്‍ മിഡ്ഫീല്‍ഡിലും കളിപ്പിച്ചത് താരത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.

ഡാനി ആല്‍വസിന് ‘ബാക്ക് അപ്പാ’യി ടിറ്റെ മിക്കപ്പോഴും സ്‌ക്വോഡിലെടുത്തിട്ടുള്ള താരമാണ് ഫാഗ്‌നര്‍. ബ്രസീലിയന്‍ ലീഗില്‍ കൊറിന്ത്യന്‍സിന് വേണ്ടി കളിക്കുന്ന താരം ഇത് വരെ നാലു തവണ മാത്രമെ ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടുള്ളൂ എന്നത് ലോകകപ്പ് പോലൊരു വേദിയില്‍ വലിയ ന്യൂനതയാണ്. ഡച്ച് ക്ലബ് പി.എസ്.വി. ഐന്തോവനിലും ജര്‍മന്‍ ക്ലബ്ബ് വോള്‍വ്‌സ്ബര്‍ഗിലും വളരെ കുറഞ്ഞ കാലം ചെലവഴിച്ചത് ഒഴിച്ചാല്‍ താരത്തിന്റെ കരിയര്‍ മുഴുവന്‍ ബ്രസീലിയന്‍ ലീഗിലായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിലെ ഈ പരിചയക്കുറവും ഒരു പ്രതികൂല ഘടകമാണ്. ഇതിനെല്ലാം പുറമെ മസില്‍ ഇന്‍ജുറി കാരണം കളത്തിനു പുറത്തിരിക്കുന്ന താരം ഈ മാസം അവസാനം മാത്രമേ കായികക്ഷമത വീണ്ടെടുക്കൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബയേണ്‍ മ്യൂണിക് താരം റാഫീഞ്ഞയാണ് കോച്ചിന്റെ വിളി പ്രതീക്ഷിക്കുന്ന മറ്റൊരു താരം. 2017 ജൂണില്‍ ഓസ്‌ട്രേലിയ, അര്‍ജന്റീന എന്നീ ടീമുകള്‍ക്കെതിരെ നടന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴ് വര്‍ഷത്തിലധികമായി ബയേണ്‍ മ്യൂണിക്കാല്‍ കളിക്കുന്ന താരത്തിന്റെ യൂറോപ്യന്‍ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്‌തേക്കും. പക്ഷേ ടിറ്റെയുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇതുവരെ താരം ഉള്‍പ്പെട്ടതായി സൂചനയൊന്നുമില്ല. ഫ്രഞ്ച് ലീഗില്‍ മൊണോക്കോക്ക് വേണ്ടി കളിക്കുന്നക ഫാബീഞ്ഞോയാണ് ടിറ്റെ പരിഗണിച്ചേക്കാവുന്ന മറ്റൊരു താരം. ഈ സീസണില്‍ റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുന്നതിനേക്കാള്‍ അധികം ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് താരം കളത്തിലിറങ്ങിയത് എന്നത് അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

23 അംഗ സ്‌ക്വോഡില്‍ രണ്ട് റൈറ്റ് ബാക്കുകകളെ ഉള്‍പ്പെടുത്തിയേക്കും. ആല്‍വസിന്റെ അഭാവത്തില്‍ അത് ഡാനിയലായും ഫാഗ്‌നറുമാകാനാണ് കൂടുതല്‍ സാധ്യത. പി.എസ്.ജിയുടെ ചില മത്സരങ്ങളില്‍ വലത് വിംഗ് ബാക്കായി കളിച്ചിട്ടുള്ള മാര്‍ക്കീഞ്ഞോസ് സെന്റര്‍ ഡിഫന്ററായി ലിസ്റ്റിലുണ്ടാകുമ്പോള്‍ ടിറ്റെക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുകയും ചെയ്യും. ഡാനി ആല്‍വസിന് പകരക്കാരനായി ആരെ ഉള്‍പ്പെടുത്തിയാലും അത് അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ പോന്നതാവില്ല എന്നതാണ് സത്യം. ലോകകപ്പില്‍ ഒരു പക്ഷെ ബ്രസീലിനെ നയിക്കേണ്ടിയിരുന്ന താരമാണ് പുറത്തായിരിക്കുന്നത്. ആ പരിചയസമ്പത്തും നേതൃമികവും പ്രചോദനാത്മകമായ സാന്നിധ്യവും ബ്രസീല്‍ റഷ്യയില്‍ ‘മിസ്’ ചെയ്യും എന്നത് തീര്‍ച്ചയാണ്.

(കളിയെഴുത്തുകാരനും അധ്യാപകനുമാണ് ലേഖകന്‍)