SHARE

ഈ മാസം 27 ന് വിയ്യാറയലിനെതിരായ പോരാട്ടത്തോടെയാണ് ബാഴ്സലോണയുടെ 2020-21 സീസണിലെ‌ ലാലീഗ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. എന്നാൽ ഈ മത്സരത്തിൽ മുഖ്യ പരിശീലകനില്ലാതെ കളിക്കാനിറങ്ങേണ്ട അവസ്ഥയിലാണ് അവർ.‌ കഴിഞ്ഞ സീസണ് ശേഷം ബാഴ്സലോണ തങ്ങളുടെ പരിശീലക സ്ഥാനത്ത് പുറത്താക്കിയ ക്വിക്കെ സെറ്റിയന് പകരം ഡച്ചുകാരനായ റൊണാൾഡ് കൂമാനെ പുതിയ മാനേജറായി നിയമിച്ചെങ്കിലും ഈ നിയമനം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (ആർ പി ഇ എഫ് ) പ്രോസസ്സ് ചെയ്തിട്ടില്ല. ഇത് കൊണ്ടു‌ തന്നെ കൂമാന് ബാഴ്സലോണയുടെ ചുമതല ഏറ്റെടുക്കാനുമാവില്ല.

മുൻ പരിശീലകൻ ക്വിക്കെ സെറ്റിയൻ, ഇതു വരെ ബാഴ്സലോണയുമായുള്ള വേർപിരിയൽ പാക്കേജ് അംഗീകരിച്ചിട്ടില്ല‌. ഇതു കൊണ്ടു തന്നെ ആർ പി ഇ എഫിന് കൂമാനെ കറ്റാലൻ ക്ലബ്ബിന്റെ പുതിയ പരിശീലകനായി നിയമിച്ച് കൊണ്ടുള്ള ‌പേപ്പർ ജോലികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് എൽ പർട്ടിഡാസോ ഡി കോപ് റിപ്പോർട്ട് ചെയ്യുന്നത്‌. ഇക്കാര്യം കൊ‌ണ്ടാണ് കൂമാന് ബാഴ്സലോണയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാ‌ൻ തടസങ്ങളുള്ളത്

-Advertisement-

സീസൺ ആരംഭിക്കാനിരിക്കെ, ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്. എത്രയും വേഗം സെറ്റിയനുമായുള്ള കരാറുകൾ പൂർണമായും അവസാനിപ്പിച്ച്, അദ്ദേഹത്തിന് നൽകാനുള്ള നഷ്ടപരിഹാരത്തുക നൽകിയാൽ മാത്രമേ കൂമാന് ബാഴ്സലോണയുടെ ചുമതല ഏറ്റെടുക്കാൻ കഴിയൂ. അതിനായുള്ള നീക്കങ്ങൾ ക്ലബ്ബ് വേഗത്തിലാക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ സ്പെയിനിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.