SHARE

ഏണസ്റ്റോ വാൾവെർദെ പരിശീലകനായെത്തിയശേഷം ലാ ലി​ഗയിൽ ഒരേയൊരു മത്സരം മാത്രമാണ് ബാഴ്സ സ്വന്തം മൈതാനത്ത് തോറ്റത്. 2018 നവംബറിൽ റയൽ ബെറ്റിസിനോടായിരുന്നു ആ തോൽവി. അന്ന് ബാഴ്സയെ വീഴ്ത്തിയ ബെറ്റിസിന്റെ പരിശീലകനായിരുന്നു ക്വിക്കെ സെറ്റിയെൻ. ഇന്ന് വാൾവെർ​ദെയെ പുറത്താക്കിയതിനു പിന്നാലെ ബാഴ്സ പകരം നിശ്ചയിച്ചത് അതേ സെറ്റിയെന്റ് പേര്.

ബാഴ്സ ആരാധകരേയും മധ്യാമങ്ങളേയും സംബന്ധിച്ചിടത്തോളം ഇപ്പോൾ അപ്രതീക്ഷിതമായാണ് സെറ്റിയെൻ പകരക്കാരനാകുന്നത്. നേരത്തെ ബെറ്റിസ് പരിശീലകറോളിൽ തിളങ്ങിയപ്പോൾ കഴിഞ്ഞ വർഷം തുടക്കത്തിൽ സെറ്റിയെൻ ബാഴ്സയിലേക്ക് എത്തുമെന്ന് വാർത്തകൾ സ്ഥിരമായിരുന്നു. എന്നാൽ അത് നടന്നതുമില്ല, പിന്നാലെ കഴിഞ്ഞ സീസൺ ഒടുവിൽ സെറ്റിയെൻ ക്ലബ് വിടുകയും ചെയ്തു. എന്നാൽ ഇപ്പോൾ അതേ ബാഴ്സയുടെ പരിശീലകസ്ഥാനത്തേക്ക് സെറ്റിയെന് അവസരം തേടിയെത്തിയിരിക്കുന്നത്.

വാൾവെർദെയെ പുറത്താക്കും എന്ന കാര്യം ഏതാണ്ടുറപ്പായപ്പോൾ പോലും പകരക്കാരനായി സെറ്റിയെന്റെ പേര് ഉയർന്നിരുന്നില്ല. മുൻ താരം സാവിയുടെ പേരനാണ് ആദ്യ പരി​ഗണന വന്നിരുന്നത്. സാവിയുമായി ബാഴ്സ അധികൃതർ ചർച്ചയും നടത്തിയിരുന്നു. എന്നാൽ നിലവിൽ പരിശീലകരം​ഗത്ത് അധികം അനുഭവസമ്പത്ത് സാവിക്കില്ല. ഒപ്പം ഇപ്പോൾ പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബിലെ മോശം റെക്കോർഡും സാവിക്ക് എതിരായി. ഈ സാഹചര്യത്തിൽ സാവി തന്നെ ബാഴ്സ ക്ഷണം നിരസിക്കുകയായിരുന്നു.

മുൻതാരവും ഇപ്പോൾ നെതർലൻഡ്സ് പരിശീലകനുമായി റൊണാൾഡോ കോമനേയും ബാഴ്സ പരി​ഗണിച്ചിരുന്നു. എന്നാൽ ദേശീയ ടീം ചുമതലയിൽ നിന്ന് തൽക്കാലം ഒഴിവാകാനാകില്ലെന്നറിയിക്കുകയായിരുന്നു കോമാനും. മൗറീഷ്യോ പോച്ചെറ്റീനോയേയും പരി​ഗണിച്ചിരുന്നു. എന്നാൽ സീസൺ പാതിയിൽ ക്ലബിനെ ഏറ്റെടുക്കാൻ പോച്ചെറ്റീനോ താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. ഇതോടെയാണ് സെറ്റിയെന് നറുക്ക് വീണത്.

2017-18 സീസണിൽ ബെറ്റിസിനെ ലീ​ഗിൽ ആറാം സ്ഥാനത്തെത്തിച്ച് യൂറോപ്പാ ലീ​ഗ് യോ​ഗ്യത നേടിക്കൊടുത്തതോടെയാണ് സെറ്റിയെൻ ശ്രദ്ധേയനായത്. ഒപ്പം മികച്ച അറ്റാക്കിങ് ഫുട്ബോളിന്റെ വക്താവ് കൂടിയാണ് സെറ്റിയെൻ. ബെറ്റിസ് പരിശീലകനായിരിക്കെ ബാഴ്സലോണയേയും റയൽ മഡ്രിഡിനേയും എവേ ​ഗ്രൗണ്ടുകളിൽ വീഴ്ത്തിയ അപൂർവ നേട്ടം കൂടി സെറ്റിയെന് സ്വന്തമാണ്.

ബാഴ്സലോണയുടെ പാരമ്പര്യം അവകാശപ്പെടാനില്ലെന്നതും വലിയ നേട്ടങ്ങളൊന്നും ഇല്ലെന്നതും സെറ്റിയെന്റ് കുറവുകളാണ്. എന്നാൽകൂടിയും ബാഴ്സ ആരാധകർക്ക് സെറ്റിയെനിൽ വലിയ പ്രതീക്ഷകളാണുള്ളത്. ബാഴ്സയ്ക്ക് അനുയോജ്യമായ കളിശൈലി കൊണ്ടുവരാൻ സെറ്റിയെന് ആകുമെന്നാണ് ആരാധകരുടെ വിശ്വാസം. ഒപ്പം മുൻപുള്ള ടീമുകളിൽ കളിക്കാരുമായുള്ള നല്ല ബന്ധം പുലർത്തിയരുന്ന സെറ്റിയെന്, അത് ബാഴ്സയിലും തുടരാനാകുമെന്നും ആരാധകർ കരുതുന്നു.