SHARE

ഏകദിന ലോകകപ്പ് അവസാനിക്കുന്നതിന് പിന്നാലെ വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ കളിച്ച് ഇന്ത്യ തങ്ങളുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കമിടും. എതിരാളിയുടെ തട്ടകത്തിലാണ് ഇന്ത്യ ഈ ടെസ്റ്റ് പരമ്പര കളിക്കുക. ലോക‌ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പ്രാധാന്യം മുൻ നിർത്തി ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക് അയക്കാനൊരുങ്ങുകയാണ് ഇപ്പോൾ ബിസിസിഐ.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ വെല്ലുവിളികളിലേക്ക് കടക്കുന്നതിന് മുൻപ് കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നത് താരങ്ങളുടെ മികവ് വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ഏഴ് താരങ്ങളെയാണ് കൗണ്ടി ക്രിക്കറ്റിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ഹനുമ വിഹാരി, മയങ്ക് അഗർവാൾ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ്മ എന്നിവരാണ് ഈ താരങ്ങൾ.

പുജാരയ്ക്ക് നിലവിൽ കൗണ്ടി ക്ലബ്ബായ യോർക്ക്ഷെയറുമായി മൂന്ന് വർഷത്തെ കരാറുണ്ട്‌. രഹാനെയാകട്ടെ ഹാമ്പ്ഷെയറിന് വേണ്ടി കളിക്കാൻ അനുവാദം നൽകണമെന്ന് ബിസിസിഐക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ബാക്കി താരങ്ങൾക്കും കളിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടി കൗണ്ടി‌ ക്ലബ്ബുകളായ ലെസെസ്റ്റർഷെയർ, എസക്സ്, നോട്ടിംഗ് ഹാംഷെയർ എന്നിവരുമായി ബിസിസിഐ അധികൃതർ ചർച്ച നടത്തിയെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അവർ പുറത്ത് വിടുമെന്നുമാണ് റിപ്പോർട്ട്.