SHARE

ഒരു ഓവറിലെ ആറു പന്തുകളും സിക്സറിന് പറത്തുന്നത് നാം കണ്ടിട്ടുണ്ട്. യുവരാജ് സിംഗും ഹെർഷൽ ഗിബ്സും ഈ നേട്ടം അന്താരാഷ്ട്ര ക്രിക്കറ്റിൽ കൈവരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരോവറിൽ ഏഴ് സിക്സറുകളടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്കൻ യുവതാരം നവീന്ദു പഹസാര. ലങ്കയിൽ നടന്ന അണ്ടർ 15 അഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിലായിരുന്നു ഈ താരത്തിന്റെ അദ്ഭുത പ്രകടനം.

സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനും, ഫൗണ്ടേഷൻ ഓഫ് ഗുഡ്നസും ചേർന്ന് സംഘടിപ്പിച്ച മുരളി ഗുഡ്നസ് കപ്പിന്റെ ഫൈനലിലായിരുന്നു രേവത കോളേജ് ബാലപിടിയയ്ക്ക് വേണ്ടി നവീന്ദു പഹസാരെയുടെ റെക്കോർഡ് പ്രകടനം. ഹിക്കാഡുവ ശ്രീ സുമംഗള സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ധർമ്മപാല കൊട്ടാവ ടീമിനെതിരെയായിരുന്നു പഹസാരെയുടെ ബാറ്റിംഗ് വെടിക്കെട്ട്.

ആറു പന്തുകൾക്ക് പുറമേ നോബോളിൽ കിട്ടിയ അധിക പന്ത് കൂടി പഹസാരെ ഗ്യാലറിയിലെത്തിക്കുകയായിരുന്നു. ക്രിക്കറ്റിൽ ആദ്യമായാണ് ഒരു താരം ഓവറിൽ ഏഴ് സിക്സറുകൾ നേടുന്നത്. റെക്കോർഡ് പ്രകടനം നേടിയ മത്സരത്തിൽ സെഞ്ചുറിയും നേടിയ ഈ യുവതാരം തന്റെ ടീമിനെ മികച്ച സ്കോറിലെത്തിക്കുകയും ടീമിന്റെ ഫൈനൽ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

ക്രിക്കറ്റിൽ അസാധ്യം എന്ന് കരുതിയിരുന്ന റെക്കോർഡ് പ്രകടനമാണ് പഹസാരെയുടേത്. 2007 ലെ ഏകദിന ലോകകപ്പിൽ ഹെർഷൽ ഗിബ്സും അതേ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പിൽ യുവരാജ് സിംഗും ഓവറിലെ ആറു പന്തുകൾ സിക്സറിന് പറത്തിയിരുന്നു‌. ഇതിനുമൊക്കെ 32 വർഷം മുൻപ് ഇപ്പോളത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതേ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അവയെ ഒക്കെ മറികടക്കുന്ന പ്രകടനമാണ് ഈ ലങ്കൻ താരം കാഴ്ച വെച്ചിരിക്കുന്നത്.